കോഴിക്കോട്:ഓടയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂർ അണിയം വീട്ടിൽ വിഷ്‌ണുവിന്‍റെ മൃതദേഹമാണ് കണ്ണാടിക്കലിൽ കണ്ടെത്തിയത്. ഇയാളുടെ ബൈക്കും ഹെൽമെറ്റും ഓടയിൽ നിന്നുതന്നെ കണ്ടെത്തി.
വേഗത്തിൽ വന്ന ബൈക്ക് തെന്നിനീങ്ങി അപകടത്തില്‍ പെട്ടതാകാം എന്നാണ് പ്രാഥമിക നിഗമനം. അപകട സാധ്യതയുള്ള മേഖലയാണിത്. ഇന്ന് രാവിലെ തൊട്ടടുത്ത വീട്ടുകാരാണ് ഓടയിൽ മൃതദേഹം കിടക്കുന്നത് കണ്ടത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി. ബോക്‌സിങ് പരിശീലകനായിരുന്നു മരിച്ച വിഷ്‌ണു. രാവിലെ കുട്ടികൾക്ക് ക്ലാസെടുക്കാൻ പോകുന്ന വഴി അപകടം സംഭവിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ്.
വയലില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം:അതേസമയം ഇന്നലെ (ഓഗസ്റ്റ് 13) കൊയിലാണ്ടി ഊരള്ളൂരിൽ മൃതദേഹ ഭാഗങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഊരള്ളൂർ - നടുവണ്ണൂർ റോഡിനോട് ചേര്‍ന്നുള്ള വയലിലാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. ആദ്യം കാലിന്‍റെ ഭാഗം മാത്രം കണ്ടെത്തുകയും പിന്നീട് പൊലീസെത്തി ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ വയലിന്‍റെ മറ്റൊരു വശത്തു നിന്ന് മറ്റ് ശരീര ഭാഗങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു.
പിന്നാലെ മൃതദേഹം ഊരള്ളൂര്‍ സ്വദേശി രാജീവന്‍റേതാണെന്ന് തിരിച്ചറിഞ്ഞു. 54 കാരനായ രാജീവന്‍ പെയിന്‍റിങ് തൊഴിലാളിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ ഇയാളുടെ വസ്‌ത്രത്തിന്‍റെ ഭാഗം കണ്ട് ഭാര്യയാണ് തിരിച്ചറിഞ്ഞത്. രാജീവന്‍റെ വസ്‌ത്രവും ചെരിപ്പും മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. കത്തിക്കരിഞ്ഞ നിലയില്‍ ഇയാളുടെ മൊബൈല്‍ ഫോണും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു.