കോഴിക്കോട്: അന്താരാഷ്‌ട്ര അംഗീകാരമായ ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിന് ലഭിച്ചത് ജില്ലയില്‍ അനന്തസാധ്യതകള്‍ക്ക് വഴി തുറക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ബീച്ച് പരിസരത്ത് ഔദ്യോഗികമായി ബ്ലൂ ഫ്ലാഗ് ഉയര്‍ത്തിയതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാപ്പാട് ബീച്ച് വികസനം സമീപ പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉപകരിക്കും. ജില്ലയിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്താനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്താനുമുള്ള നടപടികളെടുക്കും. തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന വിധം കാപ്പാട് ബീച്ചിനെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഈ വര്‍ഷം എട്ട് ബീച്ചുകൾക്കാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്. ഫ്ലാഗ് ഉയര്‍ത്തല്‍ ചടങ്ങ് കേന്ദ്ര വനം, പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ ചെയര്‍മാനും ജില്ലാ കലക്‌ടർ സാംബശിവറാവു നോഡല്‍ ഓഫീസറുമായ ബീച്ച് മാനേജ്‌മെന്‍റ് കമ്മിറ്റിയെ മന്ത്രി എ.കെ ശശീന്ദ്രന്‍ അഭിനന്ദിച്ചു. ഉയര്‍ന്ന പാരിസ്ഥിതിക ഗുണനിലവാരത്തെ അടിസ്ഥാനമാക്കി ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകള്‍ക്ക് നല്‍കുന്ന ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷനാണ് കോഴിക്കോട് കാപ്പാട് ബീച്ചിന് ലഭിച്ചത്.
ഡെന്‍മാര്‍ക്കിലെ ഫൗണ്ടേഷന്‍ ഫോര്‍ എന്‍വയോണ്‍മെന്‍റ് എഡ്യൂക്കേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ലേബലാണ് ബ്ലൂ ഫ്ലാഗ് സര്‍ട്ടിഫിക്കേഷന്‍. മാലിന്യമുക്ത തീരം, പരിസ്ഥിതി സൗഹൃദപരമായ നിർമിതികള്‍, സഞ്ചാരികളുടെ സുരക്ഷ, കടല്‍വെള്ളത്തിന്‍റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് നിരന്തരമായ പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, പരിസ്ഥിതി അവബോധം, ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം, ഭിന്നശേഷിസൗഹൃദമായ പ്രവേശനം തുടങ്ങി 33 മാനദണ്ഡങ്ങള്‍ കടന്നാണ് കാപ്പാട് ബീച്ച് ഈ അഭിമാനനേട്ടം കൈവരിച്ചത്.
ഡല്‍ഹി ആസ്ഥാനമായ എ ടു ഇസഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഓഫ് ഇന്‍റഗ്രേറ്റഡ് കോസ്റ്റല്‍ മാനേജ്മെന്‍റാണ് ബ്ലൂ ഫ്ലാഗ് സര്ട്ടിഫിക്കേഷന് കാപ്പാട് ബീച്ചിനെ പരിഗണിച്ചത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എട്ട് കോടി രൂപ വകയിരുത്തി. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനത്തിന് മുന്നോടിയായി ബ്ലൂ ഫ്ലാഗ് ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ കാപ്പാട് ബീച്ചില്‍ പൂര്‍ത്തീകരിച്ചിരുന്നു. ബീച്ചിന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിസ്ഥിതി സൗഹൃദപരമാണെന്ന് ആഹ്വാനം ചെയ്യുന്നതിനായി 'അയാം സേവിങ് മൈ ബീച്ച്' പതാക ഉയര്‍ത്തിയതിനൊപ്പം അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തോടനുബന്ധിച്ച് ചടങ്ങ് സംഘടിപ്പിക്കുകയും ചെയ്‌തു. ശുചീകരണ പ്രവർത്തനങ്ങൾക്കായി 30 വനിതകളെയാണ് ഏർപ്പെടുത്തിയത്. ചടങ്ങില്‍ കെ. ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.