കോഴിക്കോട്: മുക്കം ചാത്തമംഗലം പൗൾട്രി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി. ഇതിൻ്റെ ഭാഗമായി ചാത്തമംഗലത്തെ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ പക്ഷികളെ കൊന്നൊടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സജ്ജമാക്കിയ റാപ്പിഡ് റെസ്പോൺസ് ടീമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മൃഗസംരക്ഷണ ഉദ്യോഗസ്ഥർ, പൊലീസ്, വില്ലേജ് വാർഡ് പ്രതിനിധികൾ എന്നിവരാണ് ടീമിലുള്ളത്. കൊന്നൊടുക്കിയ വലിയ പക്ഷികൾക്ക് 200 രൂപയും ചെറുതിന് 100 രൂപ വീതവുമാണ് നഷ്‌ടപരിഹാരം നൽകുക. ഓരോ വീട്ടിലുമെത്തി അവിടെവച്ച് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രദേശവും കൂടുമുൾപ്പെടെ അണുവിമുക്തമാക്കിയാണ് സംഘം മടങ്ങുന്നത്.