കോഴിക്കോട്:ബേപ്പൂരിന്‍റെ പേരും പെരുമയുമുയർത്തി ഒരു ആഡംബരനൗക കൂടി കടൽ കടക്കാനൊരുങ്ങുന്നു. ബേപ്പൂർ ചാലിയം പട്ടർമ്മാട് തുരുത്തിലെ പണിശാലയിൽ നിർമിച്ച ഭീമൻ ഉരു നീറ്റിലിറക്കി. ഉരു നിർമാണത്തിൽ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഹാജി പി.ഐ അഹമ്മദ് കോയ കമ്പനിയാണ് 'സാം ബോക്ക്' മാതൃകയിലുള്ള ഉരു നിർമിച്ചിരിക്കുന്നത്.
120 അടി നീളവും 28 അടി വീതിയും 12 അടി ഉയരവുമുള്ള ഉരുവിന്‍റെ നിർമാണം പൂർത്തിയാക്കാൻ ഒന്നര വർഷം വേണ്ടിവന്നു. ബേപ്പൂർ വടക്കേപ്പാട് സുരേന്ദ്രൻ മേസ്തിരിയുടെ നേതൃത്വത്തിലുള്ള തച്ചന്മാരുടെ പ്രത്യേക സംഘത്തിനായിരുന്നു മുഖ്യ നിർമാണ ചുമതല. പുറമേയ്‌ക്ക് കൊയ്‌മ, സാല് മരങ്ങളും അകത്ത് വെന്തേക്ക്, കരിമരുത് എന്നിവയുമാണ് ഉപയോഗിച്ചിട്ടുള്ളത്. മജ്ലിസ് (ക്യാബിൻ) ഉൾപ്പെടെ നിർമിച്ച് താൽക്കാലിക എഞ്ചിൻ ഘടിപ്പിച്ച് ഉരു ഖത്തറിലേക്കയക്കും. ഖത്തറിലെത്തിയശേഷം അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കൂടുതൽ കുതിരശക്തിയുള്ള എഞ്ചിൻ ഘടിപ്പിച്ചാകും ഉപയോഗിക്കുക.