കോഴിക്കോട്: 34 വർഷമായി എൽഡിഎഫിന്‍റെ കോട്ടയാണ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയോജക മണ്ഡലം. ഫറോക്ക്, രാമനാട്ടുകര നഗരസഭകളും, ബേപ്പൂർ, ചെറുവണ്ണൂർ- നല്ലളം, കടലുണ്ടി എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ബേപ്പൂർ നിയമസഭാ മണ്ഡലം. വികെസി മമ്മദ് കോയയാണ് 2016 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ആകെ 192236 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 94187 പുരുഷ വോട്ടർമാരും 98046 സ്ത്രീ വോട്ടർമാരും മൂന്ന് ട്രാൻസ്ജെൻഡർ വോട്ടർമാരും ഉൾപ്പെടുന്നു.
മണ്ഡലത്തിന്‍റെ ചരിത്രം
1967ലും 1970ലും സിപിഎമ്മിന്‍റെ കെ ചാത്തുണ്ണിയാണ് മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. പിന്നീട് 1977ൽ നടന്ന തെരഞ്ഞെടുപ്പിൽ എൻപി മൊയ്തീനിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു. തുടർന്ന് 1980ലെ തെരഞ്ഞെടുപ്പിലും മൊയ്തീൻ ജയിച്ച് നിയമസഭയിലെത്തി. 1982 മുതൽ എൽഡിഎഫിന്‍റെ കുത്തകയാണ് ബേപ്പൂർ. 1982ല്‍ എൽഡിഎഫിന്‍റെ കെ മൂസ കുട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ചു. 1987, 1991, 1996 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച സിപിഎം നേതാവ് ടികെ ഹംസയാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2001ലെ തെരഞ്ഞെടുപ്പിൽ സിപിഎം പ്രതിനിധി വികെസി വികെസി മമ്മദ് കോയ വിജയിച്ചു. 2006ലും 2011ലും എളമരം കരീമാണ് മണ്ഡലത്തിൽ വിജയിച്ചത്. 2016 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച വികെസി മമ്മദ് കോയയാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. കോൺഗ്രസിന്‍റെ ആദം മുൽസിയെ 14,363 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് മമ്മദ് കോയ ബേപ്പൂർ എംഎല്‍എയായത്. 2016ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മണ്ഡലത്തിൽ 27,958 വോട്ടുകൾ നേടിയിരുന്നു.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
1977ലും 1980ലും എൻപി മൊയ്തീൻ കോൺഗ്രസിന് വേണ്ടി ജയിച്ചത് ഒഴിച്ചാൽ ഒരിക്കൽ പോലും കോൺഗ്രസ് ബേപ്പൂരില്‍ വിജയിച്ചിട്ടില്ല. 1991ൽ പരസ്യമായ കോലീബി (കോൺഗ്രസ്– ബിജെപി –ലീഗ് സഖ്യം) പരീക്ഷണം നടന്ന സ്ഥലം കൂടിയാണ് ബേപ്പൂർ മണ്ഡലം. കോലീബി സഖ്യത്തിനോട് എതിരിട്ടും സിപിഎമ്മിന് മണ്ഡലത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.