കോഴിക്കോട്:പെയിൻ്റിങ്ങിൻ്റെ ലോകത്ത് തൻ്റേതായ ഇടം കണ്ടെത്തി വർണശോഭ തീർക്കുകയാണ് നരിപ്പറ്റ സ്വദേശി ബബിൻ ലാൽ. അക്രിലിക് പെയിൻ്റിങ്ങിലാണ് ഈ മുപ്പത്തഞ്ചുകാരൻ മാസ്‌മരികത തീർക്കുന്നത്. ബിന്ദാസ് ആർടിസ്റ്റ് ഗ്രൂപ്പ് നടത്തിയ അന്തർദേശീയ മത്സരത്തിൽ സ്വർണ മെഡൽ കരസ്ഥമാക്കിയതാണ് ബബിൻ്റെ ഏറ്റവും പുതിയ നേട്ടം.
അക്രിലിക്കിൽ വിരിയുന്ന മാന്ത്രികത; അന്തർദേശീയ നേട്ടത്തിൽ ബബിൻ ലാൽ ബബിൻ ലാലിന്‍റെ പെയിന്‍റിങ്ങുകൾ ബബിൻ ലാലിന്‍റെ പെയിന്‍റിങ്ങുകൾ ബബിൻ ലാലിന്‍റെ പെയിന്‍റിങ്ങുകൾ 'മെർമെയ്‌ഡ് ആൻഡ് ലോട്ടസ്' എന്ന വിഷയത്തിൽ താമര ഇതളിനിടയിൽ വിടർന്ന് നിൽക്കുന്ന ജലകന്യകയെ തീർത്താണ് ബബിൻ ഒന്നാമതെത്തിയത്. 70,000 രൂപയ്ക്ക് ഈ ചിത്രം ബെംഗളുരു സ്വദേശി സ്വന്തമാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പ്രശസ്‌ത കലാകാരന്മാരെയും അർജൻ്റീന, അമേരിക്ക, സ്വീഡൻ, അൾജീരിയ, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നെത്തിയ ആർട്ടിസ്റ്റുകളേയും പിന്നിലാക്കിയാണ് ബബിൻ നേട്ടം കൊയ്‌തത്.
ബബിൻ ലാലിന്‍റെ പെയിന്‍റിങ്ങുകൾ ബബിൻ ലാലിന്‍റെ പെയിന്‍റിങ്ങുകൾ അസം ലളിതകല കേന്ദ്രയുടെ രാജാ രവിവർമ പുരസ്‌കാരം, പൂനെ സൊസൈറ്റിയുടെ മെട്രോ നാഷണൽ അവാർഡ്, ഭാരതീയ കലാ സാമ്രാട്ട് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നൽകി ഈ യുവ കലാകാരൻ ആദരിക്കപ്പെട്ടിട്ടുണ്ട്. രാജാ രവിവർമ ചിത്രങ്ങളിൽ ആകൃഷ്‌ടനായ ഇദ്ദേഹം വാട്ടർ കളറിലാണ് ആദ്യം പരീക്ഷണങ്ങൾ നടത്തിയത്. അക്കാദമിക്ക് പഠനം പൂർത്തിയാക്കിയതിന് പിന്നാലെ അക്രിലിക്കിലേക്ക് തിരിഞ്ഞു.
കാൻവാസിനെ പാകപ്പെടുത്തി ബബിൻ ക്ഷമയോടെ ചായം ചാർത്തുന്ന ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് പ്രശംസിക്കപ്പെട്ടു. രവിവർമ ചിത്രങ്ങളെ പുനരാവിഷ്‌കരിക്കാൻ ഭാരിച്ച ചെലവ് വരും എന്ന് മനസിലാക്കിയ ബബിൻ അതിൽ തൻ്റേതായ ആശയം കൂട്ടിച്ചേർത്ത് വ്യത്യസ്‌തത തീർക്കുകയാണ്.
ബുദ്ധ സീരീസിൽ മാത്രം നൂറിലേറെ ചിത്രങ്ങളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടത്. ബെംഗളുരു, മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ബബിൻ്റെ ചിത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയും. ഇവിടങ്ങളിൽ നടക്കുന്ന പ്രദർശനങ്ങളിലും സ്ഥിരം ക്ഷണിതാവാണ് ഇദ്ദേഹം. മെക്‌സികോ, ഇന്തോനേഷ്യ, ജക്കാർത്ത തുടങ്ങിയ വിദേശ രാജ്യങ്ങളിലും ബബിന്‍റെ ചിത്രങ്ങൾക്ക് ആവശ്യക്കാരുണ്ട്. ക്രാഫ്റ്റ്തത്വ എന്ന വെബ്സൈറ്റ് വഴിയും വിൽപന നടക്കുന്നുണ്ട്.
മാതാപിതാക്കൾക്കും ഭാര്യക്കും മകനുമൊപ്പം നാദാപുരത്തിനടുത്ത് നരിപ്പറ്റയിലെ വീട്ടിലാണ് ബബിന്‍റെ താമസം. കേരളത്തിൽ ചിത്രകലയ്ക്കും പെയിന്‍റിങ്ങിനും വാണിജ്യ സാധ്യത കുറവാണെന്നും കേരളത്തിന് പുറത്തേക്കാണ് താൻ ഭാവി ഉന്നം വക്കുന്നതെന്നും ബബിൻ പറയുന്നു.