കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിന് സജ്ജമായി കോഴിക്കോട് ജില്ലയും

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും വോട്ടെടുപ്പ്.

തെരഞ്ഞെടുപ്പിന് സജ്ജമായി കോഴിക്കോട് ജില്ലയും  തെരഞ്ഞെടുപ്പ്  നിയമ സഭാ തെരഞ്ഞെടുപ്പ്  കോഴിക്കോട്  കോഴിക്കോട് തെരഞ്ഞെടുപ്പ്  assembly election Kozhikode  assembly election  Kozhikode
തെരഞ്ഞെടുപ്പിന് സജ്ജമായി കോഴിക്കോട് ജില്ലയും

By

Published : Apr 5, 2021, 9:40 AM IST

കോഴിക്കോട്: ഒരുക്കങ്ങള്‍ എല്ലാം പൂർത്തിയായതോടെ തെരഞ്ഞെടുപ്പിന് തയ്യാറായിരിക്കുകയാണ് കോഴിക്കോട് ജില്ല. പതിമൂന്ന് നിയോജകമണ്ഡലങ്ങളിലായി 3,790 പോളിങ് ബൂത്തുകളാണ് ജില്ലയിൽ തെരഞ്ഞെടുപ്പിന് സജ്ജമായിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും നാളത്തെ വോട്ടെടുപ്പ്.

25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ശാശീരിക വെല്ലുവിളി നേരിടുന്നവര്‍, കൊവിഡ് രോഗികള്‍, ക്വാറന്‍റൈനിൽ കഴിയുന്നവര്‍ എന്നീ വിഭാഗക്കാർക്കായി തപാല്‍ വോട്ടും ഇത്തവണ ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 33,734 വോട്ടര്‍മാരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയത്. പോളിങ് ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് ഇവര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയത്. ഓരോ നിയോജകമണ്ഡലത്തിലും 30 പോളിങ് ടീമുകൾ ഇതിനായി പ്രവര്‍ത്തിച്ചു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസുകാര്‍ക്കും ഇത്തവണ തപാല്‍വോട്ട് അനുവദിച്ചിരുന്നു. ജില്ലയില്‍ ഈ വിഭാഗത്തില്‍പ്പെട്ട 4293 പേര്‍ 13 മണ്ഡലങ്ങളിലായിട്ടൊരുക്കിയ പ്രത്യേക പോളിങ് കേന്ദ്രത്തിലെത്തി വോട്ടു രേഖപ്പെടുത്തി. കൊവിഡ് പശ്ചാത്തലത്തില്‍ ആയിരത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അധിക ബൂത്ത് ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിലെ തിരക്ക് കുറയ്‌ക്കാനും വോട്ടെടുപ്പ് നടപടികള്‍ വേഗത്തിലാക്കാനും ഇതുവഴി സാധിക്കും.

തെരഞ്ഞെടുപ്പ് ദിവസം തെര്‍മല്‍ സ്‌കാനിങ് ഉപകരണം, മാസ്‌ക്, സാനിറ്റൈസര്‍, സോപ്പും വെള്ളവും തുടങ്ങിയ സൗകര്യങ്ങള്‍ ബൂത്തുകളിലുണ്ടാകും. കൊവിഡ് രോഗികള്‍ക്കും രോഗമുണ്ടെന്ന് സംശയിക്കുന്നവര്‍ക്കും അവസാന മണിക്കൂറില്‍ ക്യൂവിലെ മുഴുവന്‍ വോട്ടര്‍മാരും വോട്ടു ചെയ്തതിനുശേഷം പി.പി.ഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കും. ക്വാറന്‍റൈ നില്‍ കഴിയുന്നവര്‍ക്കും പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ വോട്ട് രേഖപ്പെടുത്താം. പരിസ്ഥിതി, ഭിന്നശേഷി സൗഹൃദ ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കാഴ്‌ചാ പരിമിതിയുള്ള വോട്ടര്‍മാര്‍ക്ക് പരസഹായമില്ലാതെ വോട്ടു ചെയ്യാന്‍ ബ്രെയ്‌ലി ലിപിയിലുള്ള ഡമ്മി ബാലറ്റ് നല്‍കും.

സമാധാന പൂര്‍ണമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി 7234 സംസ്ഥാന, കേന്ദ്ര, സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ നിയോഗിച്ചിട്ടുള്ളത്. റൂറല്‍ പൊലീസ് പരിധിയിലെ 2435 ബൂത്തുകളില്‍ 29 ക്രിട്ടിക്കല്‍ ബൂത്തുകളും 401 സെന്‍സിറ്റീവ് ബൂത്തുകളുമുണ്ട്. 852 കേന്ദ്രസേന ഉദ്യോഗസ്ഥരെയും 1562 സ്‌പെഷ്യല്‍ പൊലീസുകാരെയുമാണ് ഇവിടെ വിന്യസിക്കുക. 24 വീതം സ്‌റ്റാറ്റിക് സര്‍വയലന്‍സ്, ആന്‍റി ഡിഫെസ്‌മെന്‍റ്, എക്‌സ്‌പെന്‍ഡിച്ചര്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ റൂറല്‍ പരിധിയില്‍ നിരീക്ഷണത്തിനുണ്ടാകും. സിറ്റി പൊലീസ് പരിധിയില്‍ ആകെയുളള 1355 പോളിങ് ബൂത്തുകളില്‍ 14 എണ്ണം ക്രിട്ടിക്കല്‍ ബൂത്തുകളും 98 എണ്ണം സെന്‍സിറ്റീവ് ബൂത്തുകളുമാണ്. 232 കേന്ദ്രസേന ഉദ്യോഗസ്ഥരും 886 സ്‌പെഷ്യല്‍ പൊലീസുകാരും 15 വീതം നിരീക്ഷണ സ്‌ക്വാഡുകളും ഡ്യൂട്ടിക്കുണ്ട്. ക്രിട്ടിക്കല്‍,സെന്‍സിറ്റീവ് ബൂത്തുകളിലെ വോട്ടിങ് നടപടികള്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തും.

ഇരട്ടവോട്ട് തടയുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കും. ഇത്തരം വോട്ടര്‍മാരുടെ പട്ടിക പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും ലഭ്യമാക്കും. ഇവര്‍ വോട്ടുചെയ്യാനെത്തുമ്പോള്‍ കയ്യൊപ്പിനൊപ്പം വിരലടയാളവും രേഖപ്പെടുത്തും. ഇവരില്‍ നിന്നും സത്യവാങ്‌മൂലം എഴുതി വാങ്ങുന്നതിനൊപ്പം പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഫോട്ടോ മൊബൈലില്‍ പകര്‍ത്തും. അതേ സമയം 13 മണ്ഡലങ്ങളിലെയും അതാത് കേന്ദ്രങ്ങളിൽ നിന്ന് തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യും.

ABOUT THE AUTHOR

...view details