കോഴിക്കോട്:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴി തട്ടിപ്പ് (AI Fraud) നടത്തിയ മുഖ്യ പ്രതി കൗശൽ ഷാ കൗശലക്കാരനായ തട്ടിപ്പുകാരനെന്ന് അന്വേഷണ സംഘം. സിമ്മുകൾ മാറി മാറി ഉപയോഗിക്കുന്ന ഇയാൾ ഫോൺ ഡിവൈസുകളും മാറ്റിക്കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ ബിഹാർ അതിർത്തിയിൽ ഇയാളുടെ ലൊക്കേഷൻ കാണിച്ചിരുന്നെങ്കിലും പിന്നീട് അതും നിശ്ചലമായി. നേപ്പാളിലേക്ക് (nepal) കടന്നിട്ടുണ്ടാവാം എന്ന സംശയവും ബലപ്പെട്ടിരിക്കുകയാണ്.
ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്മാന്‍പുര (usmanpura) സ്വദേശി കൗശല്‍ ഷായുടെ (42) വിവരങ്ങൾ തേടി രണ്ട് തവണയായി രണ്ടാഴ്ചക്കാലമാണ് കോഴിക്കോട് നിന്നുള്ള സൈബർ സംഘം ഗുജറാത്തിൽ തങ്ങിയത്. പതാൻ പൊലിസ് സ്റ്റേഷനിൽ കൗശലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്കെതിരെ ഒന്നിലേറെ കേസുകൾ ഗുജറാത്തിൽ തന്നെയുണ്ട്.
അന്വേഷന സംലത്തിൻ്റെ പിടിയിലായ ഷെയ്ക്ക് മുര്‍തുസാമിയയെ (murthuswami) പോലെ നിരവധി കൂട്ടാളികൾ കൗശലിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കലാണ് കൂട്ടാളികളുടെ പ്രധാന ജോലി. പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക്, ഉജ്ജീവൻ ബാങ്ക് എന്നിവിടങ്ങളിലാണ് ഈ സംഘം നിലവിൽ അക്കൗണ്ടുകൾ ആരംഭിച്ചത്.
തട്ടിപ്പിലൂടെ വന്നു ചേരുന്ന പണം പല അക്കൗണ്ടുകൾ വഴി ട്രാൻസ്ഫർ ചെയ്യപ്പെടും. ഒടുവിൽ വന്നു ചേരുന്ന ആൾ പണം പിൻവലിച്ച് കൗശൽ ഷായ്ക് ക്യാഷായി നൽകും, കമ്മീഷനും കൈപ്പറ്റും. എന്നാൽ കോഴിക്കോട് നിന്ന് തട്ടിയ 40,000 രൂപ പിടിയിലായ ഷെയ്ക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായിയുടെ മകൻ്റെ അക്കൗണ്ടിൽ കണ്ടെത്തിയതോടെയാണ് ഇയാൾക്ക് വിലങ്ങ് വീണത്. കോഴിക്കോട് സ്വദേശിയില്‍ നിന്ന് തട്ടിയെടുത്ത പണം എത്തിയത് ഗോവയിലെ ട്രേഡിങ് കമ്പനിയുടെ (trading company) ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു.