കോഴിക്കോട് തരംഗമായി അരിക്കൊമ്പന്‍; എത്തിയത് സ്വകാര്യ ബസിന്‍റെ രൂപത്തില്‍ കോഴിക്കോട്: ബാലുശേരിയിലും 'അരിക്കൊമ്പന്‍' ആരാധന. ഇവിടെ അരിക്കൊമ്പന്‍ ഇറങ്ങിയത് സ്വകാര്യ ബസിന്‍റെ രൂപത്തിലാണ്. നന്മണ്ട ബാലുശേരി റൂട്ടിലാണ് ഈ പേരില്‍ സ്വകാര്യ ബസ് ഓടുന്നത്.
യാഥാര്‍ഥ്യമാക്കിയത് ഏറെ നാളത്തെ സ്വപ്‌നം: വർഷങ്ങൾക്ക് മുമ്പ് കണ്ടക്‌ടറായി ജോലി ചെയ്‌ത ജിംഷിൻ എടക്കണ്ടിയിലാണ് ബസിൻ്റെ മുതലാളി. സ്വന്തമായി ഒരു ബസ് വാങ്ങണമെന്ന വളരെക്കാലത്തെ സ്വപ്‌നമാണ് യാഥാർഥ്യമായത്. 23 സീറ്റുള്ള ബസ് വയനാട്ടിൽ നിന്നാണ് വാങ്ങിയത്.
ബസ് നിരത്തിലിറങ്ങിയപ്പോള്‍ 12 ലക്ഷം രൂപ ചെലവായി. നേരത്തെ ജനകീയം ബസ് സർവീസ് നടത്തിയ നന്മണ്ട - ബാലുശേരി റൂട്ടിലാണ് പുതിയ തുടക്കം. കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജനകീയ ഓട്ടം ഇപ്പോൾ അരിക്കൊമ്പൻ ഏറ്റെടുത്തിരിക്കുകയാണ്.
നാട്ടുകൂട്ടായ്‌മകളുടേയും ഉറ്റസുഹൃത്തുകളുടേയും നിർദേശം അനുസരിച്ചാണ് ബസിറക്കിയത്. ആനക്കമ്പക്കാരൻ കൂടിയായ ജിംഷിൻ ബസിന് അരിക്കൊമ്പന്‍ എന്ന് പേരുമിട്ടു. പേര് ഹിറ്റായതോടെ ബസ് റോഡിലിറങ്ങുന്നതിന് മുമ്പ് തന്നെ ജനങ്ങൾ അത് ഏറ്റെടുത്തു.
തരംഗമായി അരിക്കൊമ്പന്‍: ഫോട്ടോ എടുക്കുന്നവരുടേയും സെൽഫിക്കാരുടേയും തിരക്കായിരുന്നു പിന്നീട്. കൊമ്പനായാലും ബസായാലും ജനങ്ങൾക്ക് നേരെ തിരിഞ്ഞ് അപകടം ഉണ്ടാക്കരുതേ എന്നാണ് ചിലരുടെയെങ്കിലും പ്രാർഥനയും അഭ്യർഥനയും.
അതേസമയം, കണ്ണൂര്‍ പരപ്പനങ്ങാടിയിലും അരിക്കൊമ്പന്‍റെ പേരിലുള്ള ഒരു സ്വകാര്യ ബസ് തരംഗമായിരിക്കുകയാണ്. അരിക്കൊമ്പനോടുള്ള അടങ്ങാത്ത ആരാധന തന്നെയാണ് ബസിന് ഇത്തരത്തില്‍ പേരിടാന്‍ കാരണമായത്. യാത്രക്കാര്‍ക്കും ഇത് ഒരു കൗതുക കാഴ്‌ചയാണ്.
ബസിലെ ജീവനക്കാരായ പ്രവീണും ഷിജുവുമാണ് ഈ പേരിടലിന് പിന്നില്‍. അരിക്കൊമ്പനോടുള്ള ആരാധന മൂത്താണ് തൊഴിലെടുക്കുന്ന ബസിന് അരിക്കൊമ്പനെന്ന് പേരിട്ടിരിക്കുന്നത്. കണ്ണൂര്‍- കണ്ണാടിപ്പറമ്പ്- ചേലേരി- മല്ലോട്ട് എന്നീ പാതകളില്‍ സര്‍വീസ് നടത്തുന്ന KL 59 G4199 നമ്പര്‍ ഷീന ബസിന്‍റെ പേരാണ് അരിക്കൊമ്പന്‍ എന്ന് ആക്കിയത്.
ആനകളേയും അതിലേറെ അരിക്കൊമ്പനേയും ഏറെ ഇഷ്‌ടപ്പെടുന്ന ബസ് കണ്ടക്‌ടര്‍ പ്രവീണും ബസിലെ ജീവനക്കാരനായ ഷിജുവുമാണ് ഈ പേരിടലിന് പിന്നില്‍. രണ്ടാഴ്‌ച മുമ്പാണ് ബസ് ഉടമ പോലും അറിയാതെ അരിക്കൊമ്പനോടുള്ള ആരാധന മൂത്ത് ബസിന് പേര് മാറ്റിയത്.
എന്നാല്‍, പേര് മാത്രമല്ല, മുന്നിലെ ഗ്ലാസില്‍ അരിക്കൊമ്പന്‍റെ ചിത്രവും കൂടി വരച്ച് വച്ചിട്ടുണ്ട്. മാത്രവുമല്ല അരിക്കൊമ്പനെ ഏറെ ഇഷ്‌ടപ്പെടുന്ന ഇരുവരും അരിക്കൊമ്പന്‍റെ വീഡിയോകള്‍ ഒന്നൊഴിയാതെ കാണുന്നവരാണ്. പുതിയ പേരില്‍ നിരത്തുകളിലൂടെ ഓടുമ്പോള്‍ നാട്ടുകാര്‍ക്കും ഇത് കൗതുക കാഴ്‌ചയാണ്. ഷീന ബസ് എന്നതിന് പകരം അരിക്കൊമ്പന്‍ പോയോ എന്ന യാത്രക്കാരുടെ ചോദ്യവും ഇരുവര്‍ക്കും സന്തോഷം നല്‍കുന്നു.
അരിക്കൊമ്പനെ സംരക്ഷിക്കണമെന്ന് സാബു എം ജേക്കബ്: അരിക്കൊമ്പനായി ഹൈക്കോടതിയില്‍ പൊതുതാത്‌പര്യ ഹര്‍ജി. അരിക്കൊമ്പന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബാണ് പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയത്. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നല്‍കണം, തമിഴ്‌നാട് പിടികൂടിയാലും ആനയെ കേരളത്തിന് കൈമാറണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യം.
പുറമേ, കേരളത്തിലെ ഉള്‍വനത്തിലേയ്‌ക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യങ്ങളായി ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനൊപ്പം തമിഴ്‌നാട് സര്‍ക്കാരിനേയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. നേരത്തെ ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വിദഗ്‌ധ സമിതിയുടെ ശുപാര്‍ശയിന്മേലായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്നും മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിലേയ്‌ക്ക് മാറ്റിയത്.