കോഴിക്കോട് :അമ്മാളുക്കുട്ടി അമ്മ, പ്രായം തൊണ്ണൂറ് പിന്നിട്ടിരിക്കുന്നു. കുട്ടികളെ പോലെ എപ്പോഴും ചിത്രങ്ങൾ വരച്ചുകൂട്ടുന്നതാണ്, പേരിൽ തന്നെ കുട്ടിയുള്ള ഈ മുത്തശ്ശിയുടെ ഹോബി. വരച്ച ചിത്രങ്ങളൊക്കെ അകത്തെ ചുവരിലുണ്ട്. രാവിലെ എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഇങ്ങനെ ഇരിക്കുമ്പോൾ ഒരു തോന്നലാണ്.തുടര്‍ന്ന് വരയ്ക്കാനുള്ള സാമഗ്രികളൊക്കെ എടുത്ത് വരും. ഉള്ളിൽ തെളിയുന്ന ചില രൂപങ്ങളാണ് വിരൽ തുമ്പിൽ വിരിയുക. അത് ആരെന്നോ എന്തെന്നോ ചോദിക്കരുത്.
കാഴ്‌ച മങ്ങി വരുന്ന കണ്ണുകൾക്ക് ഉൾക്കാഴ്‌ചയുടെ ബലം നൽകി വരകൾക്ക് നിറം നൽകും. ഒടുവിലത് ചിത്രമാകും. അങ്ങനെയുള്ള നൂറിലേറെ ചിത്രങ്ങൾ ഈ ചുവരിലുണ്ട്. പെൻസിൽ കൊണ്ട് രൂപം നൽകുന്ന വരകളെ കളർഫുളാക്കുന്നത് ക്യൂട്ടക്സും കൺമഷിയും വാട്ടർ കളറും എല്ലാം ചേർന്നാണ്. ദൈവ രൂപങ്ങൾക്ക് നിറം പകരാനാണ് ഏറെ ഇഷ്‌ടം. പൂക്കളും പക്ഷികളുമൊക്കെ ചിത്രങ്ങളാകുമ്പോൾ പ്രായം മറക്കും, ചിരി വിടരും.