അയിഷയെ ആംബുലന്‍സ് ഡ്രൈവറാക്കിയ കഥ കോഴിക്കോട്:വളയം പിടിക്കുന്ന പെൺ ഡ്രൈവർമാരെ നമ്മൾ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ ആംബുലൻസ് കൈകാര്യം ചെയ്യുന്ന വനിതകള്‍ വിരളമായിരിക്കും. അതിൽ ഒരാൾ കക്കോടിക്കടുത്ത് കുരുവട്ടൂരിലെ പൊറ്റമ്മൽ ഹൗസിലെ ടി.സി മുഹമ്മദിന്‍റെ ഭാര്യ അയിഷ.
ഒരു ദിവസം പോലും ഒഴിവില്ലാതെ രോഗികളെയുമായുള്ള യാത്രയിലാണിവർ. കൊവിഡ് കാലത്തു കുരുവട്ടൂരിലെ രാജീവ്ജി ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ആംബുലൻസ് സർവീസ് തുടങ്ങിയപ്പോൾ അതിലേക്കു ഒരു ഡ്രൈവറെ അന്വേഷിച്ചു നടക്കാതെ സ്വയം ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു അയിഷ. ചെറുപ്പം മുതൽ ഡ്രൈവിങ്ങിൽ വലിയ കമ്പമായിരുന്നു.
ടൂ വീലര്‍ തുടങ്ങി ബസ് മുതൽ ജെസിബി വരെ ഓടിക്കാന്‍ അയിഷയ്‌ക്ക് അറിയാം. യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ തനിക്ക് അറിയാവുന്ന ജോലി മറ്റുള്ളവര്‍ക്കും പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കുകയാണ് ഈ വീട്ടമ്മ. 2017ൽ ഭര്‍ത്താവിന്‍റെ അമ്മ അസുഖബാധിതയായപ്പോഴാണ് അയിഷ ആദ്യമായി ആംബുലന്‍സ് ഡ്രൈവര്‍ ആകുന്നത്.
അന്ന് സിഎച്ച് സെന്‍റിലെ ആംബുലന്‍സ് എടുത്ത് അമ്മയെ ആശുപത്രിയില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ മുതല്‍ കൊവിഡ് രോഗികളെ വരെ ആംബുലന്‍സില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ അയിഷയ്‌ക്ക് സാധിച്ചിട്ടുണ്ട്. പലപ്പോഴും കൊവിഡ് രോഗികളുമായി അടുത്ത് ഇടപഴകേണ്ടി വന്നിട്ടുണ്ടെങ്കിലും ഇതുവരെ കൊവിഡ് പോസിറ്റീവായിട്ടില്ല.
അര്‍ധരാത്രിയിലും ആശുപത്രി സഹായം വേണ്ടിവരുമ്പോൾ ആംബുലന്‍സുമായി അയിഷ ഓടിയെത്തും. ഭർത്താവിനെ ഒപ്പം കൂട്ടിയാണ് യാത്ര. രോഗം ഭേദമായി തിരിച്ചെത്തുന്നവർ പങ്കുവയ്ക്കുന്ന സ്നേഹം തന്നെയാണ് വീണ്ടും അവർക്ക് ഊർജം പകരുന്നത്. സ്വന്തമായി വാഹനവും ലൈസന്‍സും ഉണ്ടെങ്കിലും നിരത്തില്‍ വാഹന ഓടിക്കാന്‍ ധൈര്യമില്ലാത്ത സ്‌ത്രീകളെ സഹായിക്കാന്‍ അയിഷ എപ്പോഴും രംഗത്തുണ്ട്.
പ്രധാന അധ്യാപകനായി വിരമിച്ച ഭര്‍ത്താവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്‍റെ പൂര്‍ണ പിന്തുണയാണ് അയിഷയുടെ കരുത്ത്. ഗേറ്റ് ഇല്ലാത്ത ഐഷയുടെ ഈ വീട്ടിലേക്ക് ഏത് സമയത്തും സഹായത്തിനായി നാട്ടുകാര്‍ക്ക് കയറിച്ചെല്ലാം. പൊതുരംഗത്തും നിറസാന്നിധ്യമാണ് ഈ വീട്ടമ്മ.
മഹിള കോണ്‍ഗ്രസിന്‍റെ ഏലത്തൂര്‍ മണ്ഡലം പ്രസിഡന്‍റും കുരുവട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഡയറക്‌ടറുമാണ്. അവസരം ഒത്തുവന്നാല്‍ വിമാനം വരെ ഒന്നോടിക്കണമെന്നാണ് അയിഷയുടെ ആഗ്രഹം.