കോഴിക്കോട്:അന്താരാഷ്ട്ര വിപണിയിൽ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി (ആംബർ ഗ്രീസ്) യുമായി രണ്ടു പേര്‍ പിടിയില്‍. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍ (28), ഓമശ്ശേരി നീലേശ്വരം മഠത്തില്‍ സഹല്‍ (27) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് എന്‍.ജി.ഒ ക്വാട്ടേഴ്‌സ് പരിസരത്ത് വെച്ച് വനപാലകരാണ് ഇരുവരേയും പിടികൂടിയത്.
Also Read: തൃശൂരിൽ അഞ്ച് കോടിയുടെ ആംബർ ഗ്രീസ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദിയുമായി ഇവർ പിടിയിലായത്. ഇന്തോനേഷ്യയില്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന.
സ്പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ ഗ്രിസിന് വിപണിയില്‍ കോടികള്‍ വിലയുണ്ട്. ഈ തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയായതിനാല്‍ ആംബര്‍ഗ്രിസ് വില്‍പന ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 2 പ്രകാരം കുറ്റകരമാണ്.