കോഴിക്കോട്: ഔദ്യോഗികമായി മുന്നണിയില്‍ ഉൾപ്പെടുത്താതിരിക്കുമ്പോഴും പരാതിയും പരിഭവവുമില്ലാതെ എല്‍ഡിഎഫിനൊപ്പം വർഷങ്ങളോളം ഒത്തുചേർന്ന് പ്രവർത്തിച്ചാണ് ഐഎൻഎല്‍ (ഇന്ത്യൻ നാഷണൽ ലീഗ്) കേരള രാഷ്ട്രീയത്തില്‍ സ്വന്തം അസ്ഥിത്വം അടയാളപ്പെടുത്തിയത്.
കാത്തിരുന്ന് മുന്നണിയില്‍ പ്രവേശനവും അതിനൊപ്പം ഒരു എംഎല്‍എ സ്ഥാനവും ആ എംഎല്‍എയ്ക്ക് മന്ത്രി സ്ഥാനവും ലഭിച്ചത് കേരള രാഷ്ട്രീയത്തില്‍ വലിയ ചർച്ചയുമായി. പക്ഷേ മന്ത്രി സ്ഥാനം ലഭിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ ഐഎൻഎല്ലില്‍ തർക്കവും കലാപവും അഴിമതി ആരോപണവും ഉയരുകയാണ്.
പുറത്തുവരുന്ന വിഭാഗീയത
കാത്തിരുന്ന് കിട്ടിയ അധികാര സ്ഥാനം തന്നെയാണ് ഐഎൻഎല്ലിനുള്ളിലെ പ്രധാന പ്രശ്നം. മന്ത്രിയായ അഹമ്മദ് ദേവർ കോവിൽ പാർട്ടിയോട് ആലോചിക്കാതെ തീരുമാനമെടുക്കുന്നു എന്ന ആരോപണമാണ് ആദ്യം ഉയർന്നത്. പേഴ്‌സണൽ സ്റ്റാഫിനെ നിയമിക്കുന്നതടക്കമുള്ള പ്രധാന വിഷയങ്ങളിൽ മന്ത്രി സ്വന്തം നിലക്കാണ് തീരുമാനമെടുക്കുന്നത് എന്ന് ഐഎൻഎല്‍ സംസ്ഥാന പ്രസിഡന്‍റ് പ്രൊഫ. അബ്ദുൾ വഹാബ് ആരോപിച്ചു.
സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂരും അബ്ദുൾ വഹാബും തമ്മിൽ ഇതേ ചൊല്ലി വാക്കേറ്റം വരെ ഉണ്ടായി. മുസ്ലിം ലീഗിലെ ഒരു വിഭാഗം മന്ത്രിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുവെന്ന ആരോപണം പാർട്ടിയെ ഒന്നാകെ പ്രതിരോധത്തിലാക്കി. പാർട്ടിയിൽ ആരും ഒറ്റക്കല്ല തീരുമാനമെടുക്കുന്നതെന്നും എല്ലാ കാര്യങ്ങളും പാർട്ടിയിൽ ആലോചിക്കാറുണ്ടെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല.