കോഴിക്കോട് : ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് വഴി കോഴിക്കോട് സ്വദേശിയില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി കൗശൽ ഷാ തിഹാർ ജയിലിൽ (AI fraud case Kaushal Shah). ഡൽഹി സൈബർ പൊലീസാണ് ഷായെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സൈബർ പൊലീസ് അറസ്റ്റ് ചെയ്‌ത സിദ്ധേഷ് ആനന്ദ്, അമരിഷ് അശോക് പാട്ടീൽ എന്നിവരിൽ നിന്നാണ് വിവരം ലഭിച്ചത്.
ഡൽഹി പൊലീസുമായി സംസാരിച്ച കേരള പൊലീസ് വിവരം ഉറപ്പ് വരുത്തി. കോഴിക്കോട്ടെ കേസിൽ ഇയാളെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്യാനുള്ള നടപടിയിലാണ് കേരള പൊലീസ്. സിമ്മുകൾ മാറി മാറി ഉപയോഗിക്കുന്ന ഇയാൾ ഫോൺ ഡിവൈസുകളും മാറ്റിക്കൊണ്ടേയിരുന്നു. ഏറ്റവും ഒടുവിൽ ബിഹാര്‍ അതിര്‍ത്തിയില്‍ ഇയാളുടെ ലൊക്കേഷൻ കാണിച്ചിരുന്നെങ്കിലും പിന്നീട് അതും നിശ്ചലമായി.
നേപ്പാളിലേക്ക് കടന്നിട്ടുണ്ടാവാം എന്ന സംശയത്തിലായിരുന്നു കേരള പൊലീസ്. ഗുജറാത്തിലെ അഹമ്മദാബാദ് ഉസ്‌മാന്‍പുര സ്വദേശി കൗശല്‍ ഷാ (42)യുടെ വിവരങ്ങൾ തേടി രണ്ട് തവണയായി രണ്ടാഴ്‌ചക്കാലമാണ് കോഴിക്കോട് നിന്നുള്ള സൈബർ സംഘം ഗുജറാത്തിൽ തങ്ങിയത്. പതാൻ പൊലീസ് സ്റ്റേഷനിൽ കൗശലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്കെതിരെ ഒന്നിലേറെ കേസുകൾ ഗുജറാത്തിൽ തന്നെയുണ്ട്.
കേസിൽ ആദ്യം അറസ്റ്റിലായ ഷെയ്ക്ക് മുര്‍തുസമിയയെ പോലെ നിരവധി കൂട്ടാളികൾ കൗശലിന് വേണ്ടി നിരന്തരം പ്രവർത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കലാണ് കൂട്ടാളികളുടെ പ്രധാന ജോലി. പഞ്ചാബ് നാഷണൽ ബാങ്ക്, യൂക്കോ ബാങ്ക്, ഉജ്ജീവൻ ബാങ്ക് എന്നിവിടങ്ങളിലാണ് ഈ സംഘം നിലവിൽ അക്കൗണ്ടുകൾ ആരംഭിച്ചത്. തട്ടിപ്പിലൂടെ വന്നുചേരുന്ന പണം പല അക്കൗണ്ടുകൾ വഴി ട്രാൻസ്‌ഫർ ചെയ്യപ്പെടും. ഒടുവിൽ വന്നുചേരുന്ന ആൾ പണം പിൻവലിച്ച് കൗശൽ ഷായ്‌ക്ക് കാഷായി നൽകും, കമ്മിഷനും കൈപ്പറ്റും.
കോഴിക്കോട് സ്വദേശിയില്‍ നിന്നും തട്ടിയെടുത്ത പണം എത്തിയത് ഗോവയിലെ ട്രേഡിങ് കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് നേരത്തെ വ്യക്തമായിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച വാട്‌സ്‌ആപ്പ് നമ്പരും ഗോവയില്‍ പണം നിക്ഷേപിക്കാന്‍ ഉപയോഗിച്ച അക്കൗണ്ടും അഹമ്മദാബാദ് സ്വദേശിയായ മുര്‍ത്തുസാമിയയുടേത് ആയിരുന്നു. എഐ ഡീപ് ഫേക്ക് സാങ്കേതിക (deepfake technology) വിദ്യയിലൂടെ വീഡിയോ കോളില്‍ രൂപവും ശബ്‌ദവും വ്യാജമായി സൃഷ്‌ടിച്ചാണ് കോഴിക്കോട് സ്വദേശിയായ പി എസ് രാധാകൃഷ്‌ണനില്‍ നിന്നും 40,000 രൂപ തട്ടിയെടുത്തത്.
Also Read:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തട്ടിപ്പ്; സിമ്മും ഫോണും മാറി മാറി ഉപയോഗിക്കും, കൗശൽ ഷാ കൗശലക്കാരനായ തട്ടിപ്പുകാരനെന്ന് അന്വേഷണ സംഘം
അഹമ്മദാബാദ് സ്വദേശിയുടെ ജിയോ പേമെന്‍റ് അക്കൗണ്ടിലേക്ക് എത്തിയ തുക നാലുതവണയായി മഹാരാഷ്ട്ര അസ്ഥാനമായ രത്നാകര്‍ ബാങ്കിന്‍റെ ഗോവയിലെ ശാഖയില്‍ നിക്ഷേപിച്ചു. ഗോവയില്‍ പ്രവര്‍ത്തിക്കുന്ന ട്രേഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.