കോഴിക്കോട്:ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ കേസിലെ മുഖ്യപ്രതി കൗശൽ ഷായെ ജനുവരി 31 വരെ റിമാൻഡ് ചെയ്‌ത് കോടതി (AI Deep Fake Fraud Case Kozhikode). കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടിയത് (Kaushal Shah's remand period extended). കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ പ്രതിയെ നേരിട്ട് ഹാജരക്കണമെന്ന നിർദേശത്തെ തുടർന്ന് ഡൽഹി പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കിയിരുന്നു.
സമാനമായ മറ്റൊരു കേസിൽ റിമാൻഡിലായതിനെ തുടർന്ന് നിലവിൽ തിഹാർ ജയിലിൽ കഴിയുകയാണ് പ്രതി. കോഴിക്കോട്ട് എത്തിച്ച പ്രതി കൗശൽ ഷായെ അന്വേഷണ സംഘം രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തു. കൂടുതൽ ചോദ്യം ചെയ്യലിനായി കേരള പൊലീസ് ഈ മാസം 23ന് ഡൽഹിക്ക് പുറപ്പെടും.
ജനുവരി 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളിലാകും അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്യലിന് വിധേയനാക്കുക. കോഴിക്കോട് ചീഫ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെ പുറപ്പെടുന്ന സംഘത്തിൽ സൈബർ സെൽ ഇൻസ്പെക്ടർ ദിനേഷ്, സീനിയർ സിപിഒ ധീരജ്, സിറ്റി പൊലീസ് കമ്മീഷണർ സ്ക്വാഡിലെ എസ്. ഐ മോഹൻദാസ് എന്നിവരാണ് ഉള്ളത്.
പരാതിക്കാരന് പണം തിരികെ ലഭിച്ചു:അതേസമയം ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസിൽ പരാതിക്കാരന് പണം തിരികെ ലഭിച്ചു. കേന്ദ്ര ഗവ. സ്ഥാപനത്തില്‍ നിന്നും റിട്ടയര്‍ ചെയ്‌ത കോഴിക്കോട് സ്വദേശിയെയാണ് പ്രതി കബളിപ്പിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തിന്‍റെ ശബ്‌ദവും വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്‌തായിരുന്നു തട്ടിപ്പ്.