കോഴിക്കോട്: ലോക്ക് ഡൗൺ സമയത്തെ പ്രയോജനപ്പെടുത്തി മുക്കം നഗരസഭയിലെ അഗസ്ത്യൻമുഴി വാർഡിലെ മുഴുവൻ വീടുകളിലും അഗസ്ത്യ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു. വൃക്ഷങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ നേടുന്നതിന് വാർഡ് മുഴുവനും ഏതെങ്കിലുമൊരു വൃക്ഷം വച്ചു പിടിപ്പിക്കുകയെന്ന വാർഡ് കൗൺസിലർ കൂടിയായ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രശോഭ് കുമാറിന്‍റെ ആശയമാണ് പ്രാവർത്തികമായത്.
അഗസ്ത്യൻമുഴിയിലെ വീടുകളിൽ അഗസ്ത്യ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചു - Agasthya trees planted
വർഷങ്ങളോളം ഇല, പൂവ്, കായ എന്നിവ ഭക്ഷണമായി ഉപയോഗിക്കാമെന്നതും വാർഡിന്‍റെ പേരുമായുള്ള ബന്ധവുമാണ് അഗസ്ത്യ വൃക്ഷം തെരഞ്ഞെടുക്കാൻ കാരണം
വർഷങ്ങളോളം ഇല, പൂവ്, കായ എന്നിവ ഭക്ഷണമായി ഉപയോഗിക്കാമെന്നതും വാർഡിന്‍റെ പേരുമായുള്ള ബന്ധവുമാണ് അഗസ്ത്യ വൃക്ഷം തെരഞ്ഞെടുക്കാൻ കാരണം. ആയുർവേദത്തിന്‍റെ ആചാര്യൻമാരിലൊരാളായി അറിയപ്പെടുന്ന അഗസ്ത്യ മുനിയുമായി ബന്ധപ്പെട്ട വൃക്ഷമാണ് അഗസ്ത്യ വൃക്ഷം. ഇതിന്‍റെ വേര് മുതൽ ഇലകളും കായ്കളും പൂക്കളുമെല്ലാം വിവിധ ഔഷധ ഗുണമുള്ളതും ഭക്ഷ്യ യോഗ്യവുമാണ്. രണ്ടു തരത്തിലുള്ള അഗസ്ത്യ വൃക്ഷങ്ങളാണുള്ളത്. ചുവന്ന പൂവുള്ളതും വെളുത്ത പൂവുള്ളതും. വെളുത്ത പൂവുള്ള ഇനമാണ് അഗസ്ത്യൻമുഴി വാർഡിൽ കൃഷി ചെയ്യുന്നത്. ഒരുപാട് കാലം നിലനിൽക്കുമെന്നതും കാര്യമായ രോഗ ബാധയേൽക്കാൻ സാധ്യതയില്ല എന്നതും വൃക്ഷത്തിന്‍റെ മേന്മകളാണ്.
ജൈവകർഷക ദേശീയ പുരസ്കാര ജേതാവായ കെ.ബി.ആർ കണ്ണനിൽ നിന്നാണ് വൃക്ഷ തൈകൾ സംഘടിപ്പിച്ചത്. ഇത് പാകപ്പെടുത്തി വാർഡിലെ 326 വീടുകളിലും വൃക്ഷം നട്ടുപിടിപ്പിച്ചു. രണ്ടു മാസത്തിനകം രണ്ടാൾ പൊക്കത്തിലാണ് അഗസ്ത്യ വൃക്ഷം വളർന്നത്. പദ്ധതി വിജയിച്ചത് കൂടുതൽ പ്രദേശങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള സാധ്യത നൽകുന്നതായി നഗരസഭാധികൃതർ പറഞ്ഞു. വിത്ത് പാകപ്പെടുത്തി തൈ ആക്കാനും നട്ടു പിടിപ്പിക്കാനുമൊക്കെ അയ്യങ്കാളി പദ്ധതി പ്രയോജനപ്പെടുത്താനും നഗരസഭ പദ്ധതിയിടുന്നുണ്ട്.