ഷാറൂഖ് സെയ്‌ഫി വിയ്യൂരിലേക്ക് കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിയെ വിയ്യൂർ ജയിലിലേക്ക് അയച്ചു. പൊലീസിന് അനുവദിച്ച കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം 20 വരെ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്‌തിരുന്നു.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റി. കോഴിക്കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഇന്നത്തെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
എലത്തൂര്‍ ട്രെയിനിലെ തീവയ്‌പ്പും തുടര്‍ന്നുള്ള കേസും:കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസിലാണ് ഷാറൂഖ് സെയ്‌ഫിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഈ മാസം രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. ഈ ദിവസം രാത്രി ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിനിലാണ് ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീവച്ചത്.
പ്രകോപനങ്ങളൊന്നുമില്ലാതെ ഇയാള്‍ യാത്രക്കാര്‍ക്ക് നേരെ പെട്രോള്‍ ഒഴിക്കുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. സംഭവത്തില്‍ രണ്ട് വയസുകാരി ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. മരണ വെപ്രാളത്തില്‍ എടുത്ത് ചാടിയതാണോ അല്ലെങ്കില്‍ അപകടത്തിനിടെ പ്രതി ഇവരെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടതാണോ എന്നതിലും അന്വേഷണം നടന്ന് വരികയാണ്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസിന് പ്രതിയെ കുറിച്ച് സൂചന ലഭിച്ചു.
നിര്‍ണായകമായത് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം:ട്രെയിനില്‍ യാത്രക്കാര്‍ക്ക് നേരെ തീവയ്‌ക്കുന്നതിനിടെ പ്രതിക്കും പൊള്ളലേറ്റിരുന്നു. ദൃക്‌സാക്ഷികളില്‍ നിന്നാണ് പൊലീസിന് ഇത്തരം വിവരങ്ങള്‍ ലഭിച്ചത്. വിവരം ലഭിച്ചതോടെ പൊലീസ് സമീപത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തി. ഇതാണ് കേസിലെ പ്രധാന വഴിത്തിരിവായത്.
more read:ട്രെയിനില്‍ തീവച്ച കേസ്; പ്രതി ഷഹറൂഖ് സെയ്‌ഫി മഹാരാഷ്‌ട്രയില്‍ പിടിയില്‍
മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. എന്നാല്‍ ഗുരുതര പരിക്കുണ്ടെന്നും കൂടുതല്‍ ചികിത്സ വേണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചെങ്കിലും ആശുപത്രിയില്‍ തങ്ങാതെ ഇയാള്‍ തിരിച്ച് പോകുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയതോടെയാണ് പ്രതി പിടിയിലായത്. സംഭവത്തിന് ശേഷം നാല് ദിവസം പിന്നിട്ടിട്ടാണ് അന്വേഷണ സംഘത്തിന് പ്രതിയെ കണ്ടെത്താനായത്.
അന്വേഷണം ഈര്‍ജിതം:ട്രെയിനിലെ തീവയ്‌പ്പ് കേസ് അന്വേഷണത്തിനായി എഡിജിപി എം ആര്‍ അജിത്ത് കുമാറിന്‍റെ നേതൃത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. കൂടാതെ റെയില്‍വേ പൊലീസും ദേശീയ അന്വേഷണ ഏജന്‍സി അടക്കം അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം പലവിധം:ട്രെയിന്‍ തീവയ്‌പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്‌ഫിക്ക് പിന്നില്‍ മറ്റ് വ്യക്തികളോ സംഘടനകളോ ഉണ്ടാകുമോയെന്നതിനും അന്വേഷണം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സംശയം നിലനില്‍ക്കുന്നത് കൊണ്ടാണ് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പിടിമുറുക്കിയിരിക്കുന്നത്. എന്നാല്‍ അന്വേഷണത്തില്‍ ഇയാള്‍ തനിച്ചാണ് തീവയ്‌പ്പ് നടത്തിയതെന്നും ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
also read:'ഗവര്‍ണര്‍ രാജി'നെതിരെ ഒന്നിച്ച് കേരളവും തമിഴ്‌നാടും ; മുഴുവന്‍ പിന്തുണയും നല്‍കുമെന്ന് സ്റ്റാലിനോട് പിണറായി