കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവയ്‌പ്പ് കേസ് പ്രതി ഷാറൂഖ് സെയ്‌ഫിയുടെ റിമാൻഡ് കാലാവധി നീട്ടി. മെയ് നാല് വരെ പ്രതി റിമാൻഡിൽ തുടരും. അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിലവിൽ വിയ്യൂർ ജയിലിലാണ് ഷാറൂഖ് സെയ്‌ഫിയുള്ളത്.
വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യുഎപിഎ ചേർത്ത കേസായതുകൊണ്ട് മജിസ്‌ട്രേറ്റ് കോടതിയിൽ നിന്നും കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു. തീവ്രവാദ ബന്ധം വ്യക്തമായതിനാലാണ് കേസിൽ യുഎപിഎ ചേർത്തതെന്ന് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. കേസ് രേഖാമൂലം എൻഐഎ ഏറ്റെടുക്കുന്നതോടെ പ്രത്യേക അന്വേഷണ സംഘം കേസ് ഡയറി കൈമാറും.
കേസിനാസ്‌പദമായ സംഭവം : ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിൽ ഷാറൂഖ് സെയ്‌ഫി പെട്രോൾ ഒളിച്ച് തീയിട്ടത്. പ്രകോപനങ്ങളോന്നുമില്ലാതെ തന്നെ ഇയാൾ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. കൂടാതെ അപകടത്തിന് പിന്നാലെ ട്രെയിനിലുണ്ടായിരുന്ന രണ്ട് വയസുകാരി ഉൾപ്പടെ മൂന്ന് പേരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തിയിരുന്നു.
also read:ഷാറൂഖ് സെയ്‌ഫിയ്‌ക്ക് തീവ്ര ചിന്താഗതി, സാക്കിര്‍ നായിക്കിന്‍റെയടക്കം വീഡിയോകള്‍ നിരന്തരം കാണാറുണ്ട് : എഡിജിപി അജിത് കുമാര്‍
ദൃക്‌സാക്ഷി വിവരങ്ങളിൽ അന്വേഷണം : ഇവരുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷികൾ നൽകിയ മൊഴിയിൽ നിന്ന് പ്രതിയ്‌ക്കും അപകടത്തിൽ പൊള്ളലേറ്റിരുന്നതായി വിവരം ലഭിക്കുകയും ഇതേതുടർന്ന് പൊലീസ് ആശുപത്രികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്‌തിരുന്നു. ഒടുവില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.
കേസേറ്റെടുത്ത് എൻഐഎ :ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തീവെയ്‌പ്പ് നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഷാറൂഖിന് പിന്നിൽ മറ്റ് വ്യക്തികളോ സംഘടനകളോ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസിൽ ദേശീയ അന്വേഷണ ഏജൻസി പിടിമുറുക്കിയത്.
also read:എലത്തൂര്‍ ട്രെയിന്‍ തീവയ്‌പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്‌ഫിയെ വിയ്യൂരിലേക്ക് അയച്ചു
പ്രതിയ്‌ക്ക് ഭീകരവാദ സ്വഭാവമുള്ള വീഡിയോകൾ കാണുന്ന ശീലമുണ്ടായിരുന്നു. സാക്കിർ നായിക്, ഇസ്‌റാര്‍ അഹമ്മദ് എന്നിവരുടെ വീഡിയോകൾ ഇയാള്‍ നിരന്തരം കണ്ടിരുന്നതായും എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു. മഹാരാഷ്‌ട്രയിൽ നിന്ന് പിടിയിലായ 27 വയസുകാരനായ പ്രതി കേരളത്തിൽ എത്തുന്നത് ആദ്യമായാണെന്നും അത് കുറ്റകൃത്യം നടത്താനുള്ള ആസൂത്രണത്തോടെയായിരുന്നെന്നുമാണ് പൊലീസ് നിലപാട്. നിലവിൽ ഷാറൂഖ് സെയ്‌ഫി മാത്രമാണ് കേസിൽ പ്രതിയായുള്ളത്. പെട്രോൾ വാങ്ങിയ പമ്പിലടക്കം ഇയാളെ എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. കൊച്ചിയിലെ കോടതിയില്‍ കേസിന്‍റെ എഫ്ഐആര്‍ എന്‍ഐഎ സംഘം സമര്‍പ്പിച്ചിട്ടുണ്ട്.