കോഴിക്കോട്: കാരശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുക്കത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പെരിഞ്ഞനപുറത്ത് സ്വപ്നയാണ് ആക്രമണത്തിന് ഇരയായത്. യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വപ്‌നയുടെ മുന്‍ ഭര്‍ത്താവ് സുഭാഷാണ് ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നല്‍കി.
യുവതിക്ക് നേരെ ആസിഡ് ആക്രമണം - ആസിഡ് ആക്രമണം
ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവാണെന്ന് യുവതിയുടെ മൊഴി.
കാരശേരി പഞ്ചായത്തിലെ ആനയാത്ത് ശ്രീകൃഷ്‌ണ ക്ഷേത്രപരിസരത്തെ വീട്ടില്‍ വച്ച് വൈകിട്ട് ആറരയോടെയാണ് സംഭവം. സ്വകാര്യ സ്ഥാപനത്തിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സ്വപ്നയുടെ ശരീരത്തിലേക്ക് വിജനമായ സ്ഥലത്ത് വച്ച് ഒളിഞ്ഞിരുന്ന ഇയാൾ ആസിഡ് ഒഴിക്കുകയായിരുന്നു. പിന്നീട് കത്തി കൊണ്ട് കുത്തുകയും ചെയ്‌തു. പ്രാണരക്ഷാർഥം അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ സ്വപ്‌നയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അടുത്തിടെയാണ് ഇയാളില്‍ നിന്നും സ്വപ്‌ന വിവാഹമോചനം നേടിയത്. പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.