കോഴിക്കോട്: പട്ടാപകൽ യുവതിയുടെ മാല പിടിച്ചുപറിച്ച ( Kozhikode necklace theft case arrest) മോഷ്‌ടാവ് പിടിയിൽ. കോഴിക്കോട് വെസ്റ്റ് ഹിൽ വളപ്പിൽ കക്കുഴി പാലം പ്രസൂണിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്‌തത്. നടക്കാവ് ബിലാത്തിക്കുളം ക്ഷേത്രത്തിനു സമീപത്തെ റോഡിൽ വച്ചാണ് മോഷണം നടന്നത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ മാലയാണ് ഇയാൾ കവർന്നത്. ബിലാത്തിക്കുളത്തെ പ്ലേ സ്‌കൂളിൽ യുവതി കുട്ടിയെ കൊണ്ടുപോയി ആക്കിയ ശേഷം തിരികെ വരുമ്പോഴാണ് പിന്നിലൂടെ ഓടിയെത്തിയ പ്രതി കഴുത്തിൽ നിന്നും മാല കവർന്നത്. മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് ഇയാൾ മോഷ്‌ടിച്ചത്.
പ്രതി സ്ഥിരമായി ജോലിക്ക് പോകുന്നത് ഇതേ വഴിയിലൂടെയാണ്. മോഷണം നടന്ന സ്ഥലത്ത് ആൾത്തിരക്ക് ഇല്ലെന്ന് മനസിലാക്കിയാണ് പ്രതി മോഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
കോഴിക്കോട് ഡിസിപി അനൂപ് പലിവാളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. നടക്കാവ് പോലീസ് ഇൻസ്പെക്‌ടർമാരായ പി കെ ജിജീഷ്, എസ് ബി കൈലാസ് നാഥ്, സബ് ഇൻസ്പെക്‌ടർമാരായ പി ലീല, ബിനു മോഹൻ , ബാബു പുതുശ്ശേരി, ജയേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ വി ശ്രീശാന്ത്, കെ. പി മുജീബ്, സി. ഹരീഷ് കുമാർ , പി. ശ്രീജേഷ് കുമാർ , ബബിത്ത് കുറുമണ്ണിൽ, സൈബർ സെല്ലിലെ രാഹുൽ മാത്തോട്ടത്തിൽ, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങൾ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.