കോഴിക്കോട്:അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിക്കൽ തോടിലും കോതിയിലും നടപ്പാക്കുന്ന മാലിന്യ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കോഴിക്കോട് കോർപറേഷൻ മേയർ ഡോ ബീന ഫിലിപ്പ്. പദ്ധതി കോഴിക്കോട് കോർപ്പറേഷൻ ഉപേക്ഷിക്കുന്നു എന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്‌തുതാവിരുദ്ധവും വളച്ചൊടിക്കപ്പെട്ടതുമാണെന്നും മേയർ പറഞ്ഞു. കോർപ്പറേഷൻ ഇരുപാതികളുമായും മുന്നോട്ട് പോവുകയാണ്.
2023 മാർച്ച് 31നാണ് പദ്ധതി അവസാനിക്കേണ്ടിയിരുന്നത്. എന്നാൽ അമൃത് ഒന്നിൽ ഉൾപ്പെടുത്തിയിരുന്ന പ്രസ്‌തുത പദ്ധതി കോടതി വ്യവഹാരങ്ങളും പ്രാദേശികമായ അനാവശ്യ എതിർപ്പുകളും കാരണം മാർച്ച് 31 ന് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണുള്ളത്. ആയതിനാൽ വിഷയത്തിലുള്ള ആശങ്ക ബഹുമാനപ്പെട്ട ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ഹൈ പവർ സ്റ്റിയറിങ് കമ്മറ്റിയേയും അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മറ്റിയേയും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.
മാർച്ച് 31ന് പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആവിക്കൽ തോട്, കോതി പദ്ധതി അമൃത് രണ്ടിലേക്ക് മാറ്റുന്നതിന് അമൃത് കോർ കമ്മറ്റി അംഗീകാരം ആവശ്യമാണ്. ഈ അംഗീകാരം ലഭ്യമാക്കുന്നതിന് വേണ്ടി പദ്ധതിയുടെ രൂപരേഖ സർക്കാർ കൗൺസിൽ മുമ്പാകെ സമർപ്പിച്ചിരിക്കയാണ്.