കോട്ടയം :സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം കലക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കലക്‌ടറേറ്റ് വളപ്പിൽ കടന്ന പ്രവർത്തകർ ബിരിയാണി ചെമ്പ് വച്ചാണ് പ്രതിഷേധിച്ചത്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച പ്രകടനം കലക്‌ടറേറ്റിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇവിടെ നിന്നും ജില്ല പഞ്ചായത്ത് ഭാഗത്തേയ്ക്ക് പ്രവർത്തകർ പ്രകടനമായി നീങ്ങി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം ഇതിനിടെ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയിയുടെ നേതൃത്വത്തിൽ ഒരു വിഭാഗം പ്രവർത്തകർ മതിൽ ചാടി കലക്‌ടറേറ്റ് വളപ്പിൽ കടന്നു. കുറച്ച് പ്രവർത്തകർ ജില്ല പഞ്ചായത്ത് ഗേറ്റിലെ ബാരിക്കേഡ് മറികടന്നും ഉള്ളിൽ പ്രവേശിച്ചു. ഇവിടെയുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, യൂത്ത് കോൺഗ്രസ് സെക്രട്ടറിമാരായ അഡ്വ. ടോം കോര അഞ്ചേരിൽ, സിജോ ജോസഫ്, ജില്ല പഞ്ചായത്തംഗം പി.കെ വൈശാഖ്, റാഷ് മോൻ ഓറ്റത്തിൽ എന്നിവർക്ക് മർദനമേറ്റു.
പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ കലക്‌ടറുടെ ഓഫിസിന് താഴെ കാർപോർച്ചിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഉന്തിലും തള്ളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു.
കലക്‌ടറേറ്റ് വളപ്പിനുള്ളിലെ സംഘർഷ വിവരമറിഞ്ഞ് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് നാട്ടകം സുരേഷ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. പിന്നീട് നാട്ടകം സുരേഷ് അടക്കം മുഴുവൻ നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. തുടര്‍ന്ന് പ്രതിഷേധ യോഗം നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്‌തു.
ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ചിന്‍റു കുര്യൻ ജോയ് അധ്യക്ഷത വഹിച്ചു. ജോബിൻ ജേക്കബ്, സിജോ ജോസഫ്, ടോം കോര അഞ്ചേരി, റോബി ഊടുപുഴയിൽ, റിജു ഇബ്രാഹിം, നിബു ഷൗക്കത്ത്, ജെനിൻ ഫിലിപ്പ്, എം.കെ ഷമീർ, അരുൺ ഫിലിപ്പ്, പി.കെ വൈശാഖ്, രാഹുൽ മറിയപ്പള്ളി, ഫ്രാൻസിസ് മരങ്ങാട്ടുപള്ളി, മനുകുമാർ, അരുൺ മാർക്കോസ്, ലിജോ പറേകുന്നുപുറം, ഗൗരി ശങ്കർ, അജു തേക്കേക്കര, അൻസു സണ്ണി, ജെയ്‌സൻ പേരുവേലി, അരുൺ ശശി, ജെയിംസ് തോമസ്, ജേക്കബ് ദാസ്, ഷിയാസ് മുഹമ്മദ്, രാഷമോൻ ഓറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.