കോട്ടയം:യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ വിഷ്‌ണുവാണ് (25) അറസ്റ്റിലായത്. കടുത്തുരുത്തി സ്വദേശിയായ യുവാവാണ് തട്ടിപ്പിന് ഇരയായത്.
2018 മുതല്‍ നിരവധി തവണയായി 12 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. ഫേസ് ബുക്കില്‍ സ്‌ത്രീയുടെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയ ഇയാള്‍ യുവാവുമായി ബന്ധപ്പെടുകയും സൗഹൃദത്തിലാവുകയുമായിരുന്നു. യുവാവിനെ സ്‌ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച ഇയാള്‍ തന്‍റെതാണെന്ന വ്യാജേന നഗ്‌ന ചിത്രങ്ങള്‍ അയച്ച് കൊടുക്കുകയും യുവാവിന്‍റെ നഗ്‌ന ചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയും ചെയ്‌തു.
ചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കിയ വിഷ്‌ണു യുവാവില്‍ നിന്ന് പണം ആവശ്യപ്പെട്ടു. പണം നല്‍കാതെ വന്നതോടെ ചിത്രങ്ങളും ദൃശ്യങ്ങളും കുടുംബത്തിന് കൈമാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടി. ഭീഷണി ഭയന്ന യുവാവ് ആവശ്യപ്പെടുന്ന പണം നല്‍കി കൊണ്ടിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ദിവസം വിഷ്‌ണു വീണ്ടും 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കാന്‍ ഒരു ദിവസം വൈകിയാല്‍ 20 ലക്ഷം തരേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പണം നല്‍കാന്‍ കഴിയാതിരുന്ന യുവാവ് പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫേസ് ബുക്കിലെ അക്കൗണ്ട് വിഷ്‌ണുവിന്‍റെതാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ആവശ്യപ്പെട്ട 20 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ഇയാളെ പൊലീസ് പിടികൂടി. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രൊഫൈലുകളുണ്ടാക്കി നിരവധി പേരില്‍ നിന്ന് ഇയാള്‍ പണം തട്ടിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി വർഗീസ് ടി.എം, കോട്ടയം സൈബർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജഗദീഷ് വി.ആര്‍, എസ്.ഐ ജയചന്ദ്രൻ, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഓമാരായ രാജേഷ് കുമാർ, ജോർജ് ജേക്കബ്, അജിത പി. തമ്പി, സതീഷ് കുമാർ, ജോബിൻസ്, അനൂപ്, സുബിൻ, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.