കോട്ടയം:മെഡിക്കൽ കോളജ് ആശുപത്രിയ്ക്കു സമീപം കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ചുങ്കം മള്ളൂശേരി സെന്‍റ് തോമസ് എൽ.പി സ്‌കൂളിനു സമീപം കളരിക്കൽ വീട്ടിൽ പ്രശാന്ത് രാജിന്‍റെ (36) മൃതദേഹമാണെന്നാണ് സൂചന.
വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്നും ജോലിയ്ക്ക് പോയ പ്രശാന്ത് തിരികെ എത്തിയിരുന്നില്ല. ഇതേ തുടർന്നു ബന്ധുക്കൾ ശനിയാഴ്ച രാവിലെ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു ദിവസമായി പ്രശാന്ത് ഉപയോഗിച്ചിരുന്ന ഇന്നോവ കാർ ഗാന്ധിനഗർ ഭാഗത്തു കൂടി കടന്നു പോകുന്നതായി കണ്ടെത്തിയിരുന്നു.
സ്വകാര്യ സ്ഥാപനത്തിൽ നിന്നും പ്രശാന്ത് വാടകയ്ക്ക് എടുത്ത കാറാണിതെന്ന് പൊലീസ് പറഞ്ഞു. പ്രശാന്തിനെ ഫോണിൽ ബന്ധപ്പെട്ടിട്ട് കിട്ടാതെ വന്നതോടെ ജി.പി.എസ് സംവിധാനം ഉപയോഗിച്ച് കാർ ട്രാക്ക് ചെയ്‌തെത്തിയ കമ്പനി അധികൃതർ കാർ കണ്ടെത്തി തിരികെ എടുക്കുകയായിരുന്നു.
ALSO READ:കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിന് കുരുക്ക് മുറുക്കി പൊലീസ്
തുടർന്ന് കമ്പനി അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം കാർ കിടന്ന സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി