കോട്ടയം: മഞ്ഞപ്പിത്തം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കൊല്ലാട് വട്ടുകുന്നേൽ ഇരട്ടപ്ലാമൂട്ടിൽ സ്വദേശിയായ ഇആർ രാജീവിന്‍റെ മകൾ രസികയാണ് (15) മരിച്ചത്. പെൺകുട്ടിയുടെ മരണത്തിൽ പിതാവ്, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു; സ്വകാര്യ ആശുപത്രിക്കെതിരെ പരാതിയുമായി പിതാവ് - jaundice death kerala
പനിയും വയറുവേദനയും അനുഭവപ്പെട്ട രസിക മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്ന് വാങ്ങിക്കഴിച്ചതിനെ തുടർന്ന് തുടർച്ചയായി ഛർദിച്ചിരുന്നു. ഇതോടെ ആശുപത്രിയിൽ പ്രവേശിച്ച വിദ്യാർഥിനി ഞായറാഴ്‌ച മരണപ്പെടുകയായിരുന്നു
കോട്ടയം മൗണ്ട് കാർമ്മൽ ഗേൾസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു രസിക. കഴിഞ്ഞദിവസം പനിയും അസഹ്യമായ വയറുവേദനയും അനുഭവപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ ഷോപ്പിൽ നിന്നും ഗുളിക വാങ്ങികഴിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ തുടർച്ചയായി ഛർദിച്ചതിനെ തുടർന്ന് രസികയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരിന്നു.
തുടർന്ന്, അവശത വർധിച്ചതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്‌ച രാത്രി 7.30ഓടെ മരണപ്പെടുകയായിരുന്നു. മഞ്ഞപ്പിത്തമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്. പിതാവിൻ്റെ പരാതിയിൽ അസ്വാഭാവികമായ മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറഞ്ഞു.