കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ ഏറ്റെടുത്ത ഭൂമിയിലെ തേക്കുമരങ്ങള്‍ മുറിച്ച സംഭവം കൂടുതല്‍ വിവാദമാകുന്നു. പരാതിയെ തുടര്‍ന്ന് നിര്‍ദേശം ലഭിച്ചത് മൂലമാണ് മുറിച്ചതെന്ന് ഒരുവിഭാഗം പറയുമ്പോള്‍, ആരോടും ആലോചിക്കാതെ മുറിച്ചുവെന്നാണ് എതിര്‍ഭാഗത്തിന്‍റെ ആരോപണം. വൈസ് ചെയര്‍പേഴ്‌സണ്‍ പരാതി നല്‍കിയത് തന്നോട് ആലോചിക്കാതെയാണെന്ന് ചെയര്‍മാന്‍ വി കെ കബീര്‍ ആരോപിച്ചു. ഇതിനിടെ, ചെയര്‍മാനെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കാന്‍ യുഡിഎഫും നീക്കം തുടങ്ങി.
തടികടത്തിയ സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയില്‍ നടപടി വൈകിയതോടെ യുഡിഎഫ് നേതൃത്വത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ വീണ്ടും പരാതി നല്‍കുകയും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, മരങ്ങള്‍ അപകട ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആര്‍ഡിഒ നിര്‍ദേശപ്രകാരമാണ് മരം മുറിച്ചതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൗണ്‍സിലില്‍ ഇത് ചര്‍ച്ച ചെയ്തില്ലെന്നത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. വെട്ടിയിട്ട തടി അവിടെ ഉണ്ട്. അതേസമയം, രണ്ട് തടികള്‍ കൊണ്ടൂര്‍ ഭാഗത്ത് വന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.