കോട്ടയം: ഏറ്റുമാനൂര്‍ പാലാ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ വയോധികയുടെ മാല കവര്‍ന്ന സ്ത്രീ പിടിയില്‍. മധുര സ്വദേശിനി ഈശ്വരി (50)യെ ആണ് മാല നഷ്‌ടപ്പെട്ടവര്‍തന്നെ പിന്‍തുടര്‍ന്ന് പിടികൂടി പാലാ പൊലീസില്‍ ഏല്‍പിച്ചത്. കെഎസ്ആര്‍ടിസി ഡ്രൈവറുടെ ജാഗ്രതയാണ് മോഷ്‌ടാവിനെ പിടികൂടാന്‍ കാരണമായത്.
ഏറ്റുമാനൂര്‍ മംഗളം കോളേജിന് സമീപം താമസിക്കുന്ന ചിന്നമ്മയുടെ മാലയാണ് നഷ്‌ടപ്പെട്ടത്. ചിന്നമ്മയും മകള്‍ ഷേര്‍ളി, അയല്‍വാസികളായ നിജ, വല്‍സമ്മ എന്നിവര്‍ അരുവിത്തുറ പള്ളിയിലേയ്ക്ക് പോകാനാണ് കോട്ടയം തൊടുപുഴ കെഎസ്ആര്‍ടിസി ബസില്‍ കയറിയത്. ബസിലുണ്ടായിരുന്ന ഈശ്വരി ചിന്നമ്മയെ തന്‍റെ അടുത്ത് വിളിച്ചിരുത്തുകയായിരുന്നു.
ചേര്‍പ്പുങ്കലിലേയ്ക്ക് ടിക്കറ്റെടുത്ത ഈശ്വരി, ചേര്‍പ്പുങ്കലെത്തിയപ്പോള്‍ വീണ്ടും പാലായിലേയ്ക്ക് ടിക്കറ്റെടുത്തു. ഇത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ശ്രദ്ധിച്ചിരുന്നു. പാലാ സ്‌റ്റാന്‍ഡിലെത്തിയപ്പോള്‍ ഈശ്വരി ആദ്യം ബസിറങ്ങി.