കോട്ടയം: സിസ്റ്റര്‍ അഭയ വധക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർ കുറ്റക്കാരെന്ന് സിബിഐ കോടതി കണ്ടെത്തിയതിന് പിന്നാലെ പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷി അടയ്ക്കാ രാജു. അഭയയ്ക്ക് നീതി കിട്ടിയതില്‍ സന്തോഷമെന്നും നീതി ലഭിക്കാന്‍ വൈകിയെന്നും രാജു മാധ്യങ്ങളോട് പറഞ്ഞു.
സിസ്റ്റര്‍ അഭയക്ക് നീതി ലഭിച്ചെന്ന് സാക്ഷി അടയ്ക്കാ രാജു - സിസ്റ്റര്‍ അഭയ വധക്കേസ്
28 വര്‍ഷത്തിന് ശേഷം കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് അടയ്ക്കാ രാജു പറഞ്ഞു
എത്തരത്തിലുള്ള ശിക്ഷാ വിധിയാവും പ്രതികള്‍ക്ക് ലഭിക്കുകയെന്ന് അറിയില്ല. എന്നാല്‍ 28 വര്‍ഷത്തിന് ശേഷം കോടതിയില്‍ കുറ്റം തെളിയിക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ട്. സാക്ഷിയായ തനിക്ക് ഭീഷണിയുണ്ടെന്നും താന്‍ കോടതിയിലും ഇക്കാര്യം ബോധിപ്പിച്ചിട്ടുള്ളതാണെന്നും രാജു പറഞ്ഞു. കേസില്‍ അടയ്ക്കാ രാജുവിന്‍റെ സാക്ഷിമൊഴിയാണ് നിര്‍ണായകമായത്.
കേസിലെ പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷിയാണ് രാജു. അഭയ കൊല്ലപ്പെട്ട ദിവസം രാജു മഠത്തില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ ഫാ. തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയെയും കണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അഭയയെ കൊന്നത് രാജുവാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിച്ചിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കുറ്റമേറ്റാല്‍ വീടും ഭാര്യയ്ക്ക് ജോലിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും രാജു ആരോപിച്ചിരുന്നു.