കോട്ടയം: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈന്‍ഡ് ജില്ല കമ്മിറ്റി കോട്ടയം സിഎംഎസ് കോളജ് എന്‍എസ്എസ് യൂണിറ്റുമായി ചേർന്ന് റാലി സംഘടിപ്പിച്ചു. കാഴ്‌ച പരിമിതിയുള്ളവരുടെ പ്രശ്‌നങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കണ്ണ് മൂടിക്കെട്ടിയാണ് എന്‍എസ്എസ് കോ-ഓഡിനേറ്റർമാർ റാലിയുടെ ഭാഗമായത്. രാവിലെ ഗാന്ധി സ്ക്വയറിൽ നിന്ന് സിഎംഎസ് കോളജിലേക്ക് നടന്ന റാലി കോട്ടയം നഗരസഭ വൈസ് ചെയർമാൻ ബി ഗോപകുമാർ ഉദ്ഘാടനം ചെയ്‌തു.
വൈറ്റ് കെയ്ൻ സേഫ്‌റ്റി ദിനാചരണം: റാലിയില്‍ കാഴ്‌ച പരിമിതിയുള്ളവർ, ഒപ്പം കണ്ണുമൂടിക്കെട്ടി വിദ്യാര്‍ഥികളും
കാഴ്‌ച പരിമിതിയുള്ളവരുടെ പ്രശ്‌നങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഎംഎസ് കോളജിലെ വിദ്യാര്‍ഥികളും വൈറ്റ് കെയ്ൻ സേഫ്‌റ്റി ദിനാചരണ റാലിയുടെ ഭാഗമായി.
കാഴ്‌ച പരിമിതിയുള്ളവരുടെ പ്രശ്‌നങ്ങളെ സമൂഹം വേണ്ടവിധം മനസിലാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവരും സമൂഹത്തിന്‍റെ ഭാഗമാണെന്ന തിരിച്ചറിവ് നൽകാൻ വൈറ്റ് കെയ്ൻ ദിനാചരണത്തിന് കഴിയുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് തോമസ് മൈക്കിളിന് വൈറ്റ് കെയ്ൻ നൽകി റാലിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
എന്‍എസ്‌എസ് പ്രോഗ്രാം ഓഫിസർ ഡോ. അമൃത ബിനു എബ്രഹാം, വൊളണ്ടിയർ സെക്രട്ടറിമാരായ ശ്രീജിത്ത് റെജി, സംയുക്ത എസ്, അനഘ രാജീവ്, ബാലമുരളീകൃഷ്‌ണ തുടങ്ങിയവരും റാലിക്ക് നേതൃത്വം നൽകി. റാലിക്ക് സമാപനം കുറിച്ച് സിഎംഎസ് കോളജിൽ ചേർന്ന സമ്മേളനം പ്രിൻസിപ്പൽ വർഗീസ് ടി ജോഷ്വാ ഉദ്ഘാടനം ചെയ്‌തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമ്മല ജിമ്മി സന്ദേശം നൽകി. ചടങ്ങിൽ വൈറ്റ് കെയ്‌നുകള്‍ വിതരണം ചെയ്‌തു.