കോട്ടയം:മലരിക്കല്‍ പാടം വീണ്ടും പൂത്തൊരുങ്ങി, കാഴ്‌ചയുടെ പിങ്ക് വസന്തം ആമ്പല്‍ പൂമെത്തയില്‍ നിറച്ചപ്പോൾ കണ്ടു മതിവരാതെ സഞ്ചാരികൾ. ഒരു ചെറു വള്ളത്തില്‍ ആമ്പല്‍ പൂക്കൾ നിറഞ്ഞ പാടത്ത് യാത്ര തുടങ്ങുമ്പോൾ മുന്നില്‍ നിറയുന്നത് മനസ് കുളിർപ്പിക്കുന്ന ഗ്രാമീണ മനോഹര ദൃശ്യങ്ങൾ.
രാവിലെയെത്താം കണ്ട് മടങ്ങാം
പുലർച്ചെ മുതല്‍ 11 മണി വരെയാണ് പൂക്കൾ വിരിഞ്ഞു നില്‍ക്കുന്നത്. വെയിലെത്തുന്നതോടെ പൂക്കൾ വാടിത്തുടങ്ങും. ചെറുതോടുകളുടെ കരയിലൂടെ കാല്‍നടയായും ആമ്പല്‍ വസന്തം ആസ്വദിക്കാം. പിങ്ക് നിറത്തില്‍ വാട്ടർ ലില്ലിക്കൊപ്പം വെള്ള നിറത്തിലും ആമ്പല്‍ വിരിയുന്നുണ്ട് ഇവിടെ. അതിനൊപ്പം നെയ്യാമ്പലും കൂടി ചേരുമ്പോൾ സുന്ദര കാഴ്‌ചകളുടെ ലോകമാണ് കോട്ടയം ജില്ലയിലെ മലരിക്കല്‍ പാടം നല്‍കുന്നത്.
ആഘോഷിക്കാം ആഘോഷമാക്കാം
കണ്ടറിഞ്ഞവർ വീണ്ടുമെത്തുമ്പോൾ കേട്ടറിഞ്ഞ് മലരിക്കലിലേക്ക് എത്തുന്നവരും നിരവധിയാണ്. പുതിയ തലമുറയുടെ ആഘോഷങ്ങളായ സേവ് ദ ഡേറ്റിനൊപ്പം ഓണം ഷൂട്ട്, ഫോട്ടോ ഷൂട്ട് എന്നിവയുടെ പ്രധാന ലൊക്കേഷനായും മലരിക്കല്‍ മാറിക്കഴിഞ്ഞു. സേവ് ദ ഡേറ്റിനായി പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രവേശന വഴിയിലെ താമരപ്പൂക്കൾ കൂടിയാകുമ്പോൾ മലരിക്കല്‍ ശരിക്കും കാഴ്‌ചയുടെ ആഘോഷമാണ്.