കോട്ടയം:ഭക്തര്‍ക്ക് ദര്‍ശന സായൂജ്യമായ മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്‌ടമി കൊടിയിറങ്ങി. ഇന്നലെ രാത്രി 11 മണിക്കായിരുന്നു പ്രധാന ചടങ്ങായ അഷ്‌ടമി വിളക്ക്. തുടർന്ന് ഉദയനാപുരത്തപ്പനായ സുബ്രഹ്‌മണ്യന്‍റെ എഴുന്നള്ളത്തുണ്ടായി.
താരകാസുരനിഗ്രഹത്തിന് ശേഷം മടങ്ങിയെത്തുന്ന സുബ്രഹ്മണ്യനെയും പരിവാരങ്ങളെയും കിഴക്കേ ആന പന്തലിൽ വൈക്കത്തപ്പൻ വരവേറ്റു. ഗജരാജൻ പാമ്പാടി രാജനാണ് വൈക്കത്തപ്പന്‍റെ തിടമ്പേറ്റിയത്. വടക്കേ ഗോപുരംവഴി ഉദയനാപുരുത്തപ്പൻ, കൂട്ടുമ്മൽ ഭഗവതി, ശ്രീനാരായണപുരത്തപ്പൻ, തൃണയംകുടത്തപ്പൻ എന്നിവരും തെക്കേഗോപുരം വഴി മൂത്തേടത്ത് കാവിലമ്മയും ഇണ്ടംതുരുത്തി ഭഗവതിയും പുഴവായിക്കുളങ്ങര മഹാവിഷ്‌ണുവും കിഴക്കുംകാവ് ഭഗവതിയും ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് നാലമ്പലത്തിന്‍റെ വടക്കുഭാഗത്തേക്ക് നീങ്ങി.
തുടർന്ന് ഉദയനാപുരത്തെപ്പന്‍റെ എഴുന്നള്ളിപ്പിന് ഒപ്പം ചേർന്ന് സംഗമിച്ചു. ഉദയനാപുരത്തപ്പൻ ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരന്‍റെ പുറത്തേറി കിഴക്കേ ആന പന്തലിലേക്ക് നീങ്ങി. മറ്റ് ദേവീദേവന്മാരും എഴുന്നളിപ്പിനെ അനുഗമിച്ചു.
എഴുന്നള്ളിപ്പ് വ്യാഘ്ര പാദത്തറയ്ക്ക് സമീപം എത്തിയതോടെ വൈക്കത്തപ്പൻ തന്‍റെ മകന് സ്വന്തം സ്ഥാനം നൽകി അനുഗ്രഹിച്ചു. മറ്റ് എഴുന്നള്ളിപ്പുകൾ അതാത് സ്ഥാനത്ത് നിലയുറപ്പിച്ചതോടെ കൂടിയെഴുന്നള്ളിപ്പ് ആരംഭിച്ചു. ഈ സമയം അവകാശിയായ കറുകയിൽ കുടുംബത്തിലെ കാരണവരായ ഗോപാലൻ നായർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പല്ലക്കിലെത്തി സ്വർണ്ണ ചെത്തിപ്പൂ കാണിക്കയർപ്പിച്ചു.