കോട്ടയം: ജില്ലയില്‍ കൊവിഡ് വ്യാപനതോത് ഉയര്‍ന്നുനില്‍ക്കുന്ന മേഖലകളില്‍ വാര്‍ഡ് തല ജാഗ്രതാ സമിതികളുടെ സജീവ ഇടപെടല്‍ ഉറപ്പാക്കണമെന്ന് സഹകരണ- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. കാലവര്‍ഷ ദുരന്തനിവാരണ മുന്നൊരുക്കവും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ ഓൺലൈൻ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ ദിനപ്രതി രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പൊതുവേ കുറയുന്നുണ്ടെങ്കിലും ചില മേഖലകളില്‍ വ്യാപനം കുടൂകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്നുണ്ട്. പോസിറ്റിവിറ്റി ഗണ്യമായി കുറഞ്ഞ ചില മേഖലകളില്‍ വീണ്ടും നിരക്ക് ഉയരുന്നുമുണ്ട്. രോഗികളുടെ ഐസൊലേഷനും ഹോം ക്വാറന്‍റൈയിനും കൃത്യമായി പാലിക്കപ്പെടാത്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഈ സ്ഥലങ്ങളിലെല്ലാം വാര്‍ഡ് തല സമിതികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
Also Read:പാലാ കൊഴുവനാൽ പഞ്ചായത്തിന് പൾസ് ഓക്‌സിമീറ്ററുകൾ നൽകി ജോസ് കെ മാണി
വാര്‍ഡ് തല സമിതികള്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്ന മേഖലകളിലെല്ലാം രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുന്നുണ്ട്. കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ ഫലം വരുന്നതിനു മുമ്പ് തന്നെ പൊതുജനങ്ങളുമായി ഇടപഴകുന്നില്ലെന്നും രോഗികളും ക്വാറന്‍റൈയിനില്‍ കഴിയുന്നവരും മുന്‍കരുതലുകള്‍ പാലിക്കുന്നു എന്നും ഉറപ്പാക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളവരെ അടിയന്തരമായി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കണം. വീടുകളില്‍ പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് താമസിക്കാന്‍ സൗകര്യമില്ലാത്തവരെ ഡോമിസിലിയറി സെന്‍ററുകളിലേക്ക് മാറ്റണം. വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് പരിശോധനാ കിറ്റുകള്‍ വാങ്ങുന്നതിനും ജനസംഖ്യാ അനുപാതത്തില്‍ പരിശോധന നടത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ തദ്ദേശ സ്ഥാപന മേഖലയിലും കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പരിശോധന നടത്താനാകും. തദ്ദേശ സ്ഥാപന മേഖലയില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ രണ്ടാഴ്‌ചയിൽ ഒരിക്കലെങ്കിലും കൊവിഡ് പരിശോധന നടത്തുന്നത് കൃത്യസമയത്ത് ഇടപെടുന്നതിനും രോഗവ്യാപനം തടയുന്നതിനും ഉപകരിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളിലുള്ളവര്‍ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ശ്രദ്ധയുണ്ടാകണം. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് അവര്‍ക്ക് ആശങ്കകളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ അത് പരിഹരിക്കണെമെന്നും മന്ത്രി പറഞ്ഞു.
Also Read:കൊവിഡ് റിലീഫ് @ പുതുപ്പള്ളി പദ്ധതി;സർക്കാർ ആശുപത്രികള്‍ക്ക് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ