കോട്ടയം:പ്രശസ്‌ത ഫോട്ടേഗ്രാഫർ വിക്‌ടർ ജോർജിന്‍റെ 20-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ വിക്‌ടർ ജോര്‍ജ്ജ് അനുസ്മരണം സംഘടിപ്പിച്ചു. വിക്‌ടർ ജോർജിന്‍റെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്‌പാര്‍ച്ചനയോടെയായിരുന്നു അനുസ്മരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
നിലപാടുകളോടും കര്‍മ്മമേഖലയോടും നീതി പുലര്‍ത്തിയ വ്യക്തിയായിരുന്നു വിക്‌ടർ ജോർജെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് മാധ്യമ ഫോട്ടോഗ്രഫിയില്‍ വലിയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു വിക്‌ടർ. പല ചരിത്ര സംഭവങ്ങളും അദ്ദേഹം തന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്തു. തന്‍റെ നിലപാടുകളോടും കര്‍മ്മമേഖലയോടും നൂറ് ശതമാനവും നീതി പുലര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
പ്രകൃതി, രാഷ്ട്രീയം, കായികം എന്നീ മേഖലകളില്‍ അദ്ദേഹം പകര്‍ത്തിയ പല ചിത്രങ്ങളും ഇന്നും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ വിക്‌ടർ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേർത്തു.