കേരളം

kerala

ETV Bharat / state

എം.ജിയിലെ മാർക്ക് ദാനം; ആരോപണം അടിസ്ഥാന രഹിതമെന്ന് വൈസ് ചാൻസലർ - mg vice chancelor

ബി.ടെക്കിൽ ഒരു വിഷയത്തിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് അഞ്ച് മാർക്ക് വരെ മോഡറേഷൻ നൽകിയ സംഭവമാണ് വിവാദമായത്. സർവ്വകാലാശാല പരീക്ഷ ചട്ടങ്ങൾ അനുസരിച്ചാണ് സിൻഡിക്കേറ്റ് മോഡറേഷൻ നൽകിയതെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

വൈസ് ചാൻസിലർ

By

Published : Oct 14, 2019, 10:00 PM IST

Updated : Oct 14, 2019, 10:43 PM IST

കോട്ടയം: എംജി സർവകലാശാലയില്‍ മാർക്ക് ദാനം ചെയ്‌തുവെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് വൈസ് ചാൻസലർ പ്രൊഫ.സാബു തോമസ്. വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകാലാശാല പരീക്ഷ ചട്ടങ്ങൾ അനുസരിച്ചാണ് സിൻഡിക്കേറ്റ് മോഡറേഷൻ നൽകിയതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

ആരോപണം അടിസ്ഥാന രഹിതമെന്ന് വൈസ് ചാൻസലർ

നിലവിൽ എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയിലേക്ക് ബി.ടെക് കോഴ്‌സ് പൂർണമായും മാറിയതിനാൽ സപ്ളിമെന്‍ററി പരീക്ഷകൾ മാത്രമാണ് എം.ജി. സർവകലാശാല നടത്തുന്നത്. ഒരു വിഷയത്തിന് മാത്രം വളരെ കുറഞ്ഞ മാർക്കിന് പരാജയപ്പെട്ടത് മൂലം ബി.ടെക് കോഴ്സ് പൂർത്തിയാക്കാൻ സാധിക്കാത്ത നിരവധി വിദ്യാർഥികൾ സർവ്വകലാശാലയെ സമീപിച്ചതോടെ അഞ്ചു മാർക്ക് വരെ മോഡറേഷൻ നൽകാൻ തീരുമാനിച്ചുവെന്നാണ് അധികൃതരുടെ വിശദീകരണം. മുമ്പ് മറ്റ് വിഷയങ്ങളിലും ഇത്തരത്തിൽ മോഡറേഷൻ നടത്തിയിട്ടുള്ളതായും വൈസ് ചാൻസലർ വ്യക്തമാക്കി.

2019 ഫെബ്രുവരി 22 ന് നടന്ന ഫയൽ അദാലത്തിൽ ഒരു വിദ്യാർഥി ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നതായി സിൻഡിക്കേറ്റംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. അദാലത്തിൽ പങ്കെടുക്കാൻ സാധിക്കാത്ത ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങിൽ പങ്കെടുത്തെങ്കിലും അദാലത്തിന് ഉണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. എന്നാൽ അദാലത്തിൽ അപേക്ഷ നൽകിയ വിദ്യാർഥിയെ ജയിപ്പിക്കാനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകരമുള്ള നാടകമാണ് വൈസ് ചാൻസിലറും സിൻഡിക്കേറ്റും നടത്തുന്നതെന്ന ആരോപണവും ഉയരുന്നിട്ടുണ്ട്.

Last Updated : Oct 14, 2019, 10:43 PM IST

ABOUT THE AUTHOR

...view details