കോട്ടയം: കടുത്തുരുത്തി മുട്ടുചിറയിലെ പാഴ്‌സല്‍ സര്‍വീസ് സ്ഥാപനത്തിന്‍റെ മിനി പിക്കപ്പ് വാന്‍ മോഷ്‌ടിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. കൊല്ലം തുറവൂര്‍ ഓടനാവട്ടം അജയഭവനം ശ്രീകുമാര്‍(27), തോപ്പിൽ പള്ളിക്ക് സമീപം ഡോൺ ബോസ്കോ നഗർ കൊടിമരം ജോസ് (40) എന്നിവരാണ് കടുത്തുരുത്തി പൊലീസിന്‍റെ പിടിയിലായത്. മോഷ്‌ടിക്കപ്പെട്ട വാഹനം പൊലീസ് കൊല്ലം കേരളപുരത്ത് നിന്ന് കണ്ടെടുത്തു.
ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ശ്രീകുമാറിനെ കൊല്ലത്തുനിന്നും കൊടിമരം ജോസിനെ എറണാകുളം ഹൈക്കോർട്ട് ജങ്ഷനിൽ നിന്നുമാണ് അറസ്‌റ്റ് ചെയ്‌തത്. മോഷണ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായിരുന്ന ശ്രീകുമാര്‍ ഒരുമാസം മുൻപും കൊടിമരം ജോസ് രണ്ടരമാസം മുമ്പുമാണ് പുറത്തിറങ്ങിയത്.