വി ഡി സതീശൻ മാധ്യമങ്ങളോട് കോട്ടയം :പി കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും മനഃപൂര്‍വം അപകീര്‍ത്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട അഡ്വക്കേറ്റ് ഹരീന്ദ്രന്‍റെ പ്രസ്‌താവനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇത്തരമൊരു പ്രസ്‌താവന നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിയില്ല. ഷുക്കൂര്‍ വധം നടന്നിട്ട് വര്‍ഷങ്ങളായി. എന്നിട്ട് ഇപ്പോഴാണോ ഇത്തരമൊരു പ്രസ്‌താവന നടത്താന്‍ തോന്നിയതെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
ഷുക്കൂര്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഏറ്റവുമധികം പ്രയത്‌നിച്ചത് കുഞ്ഞാലിക്കുട്ടിയാണ്. സിപിഎമ്മിനെതിരെ ഗൗരവതരമായ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ മറുഭാഗത്ത് പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ മനപൂര്‍വമായി ഉണ്ടാക്കിയ ആരോപണമാണിതെന്നും വി ഡി സതീശൻ പറഞ്ഞു.
ഇ പി ജയരാജന് എതിരായ ആരോപണത്തില്‍ മുഖ്യമന്ത്രിയുടേത് അമ്പരപ്പിക്കുന്ന മൗനമാണ്. ജയരാജനെതിരായ ആരോപണം 2019 ല്‍ അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒളിപ്പിച്ചുവച്ചു. ഇപ്പോള്‍ എല്ലാം പുറത്തുവന്നിരിക്കുകയാണ്. തുടര്‍ഭരണം കിട്ടിയതിന്‍റെ ജീര്‍ണത പാര്‍ട്ടിയുടെ എല്ലാ തലങ്ങളെയും ബാധിച്ചിരിക്കുന്നു.
സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്‍റെ നേതാവിനാണ് ഡിവൈഎഫ്‌ഐ നേതാവ് ട്രോഫി നല്‍കിയത്. ഏറ്റവും നല്ല സ്വര്‍ണ കള്ളക്കടത്ത് സംഘത്തിനും മയക്കുമരുന്ന് ലോബിക്കുമാണ് ഇനി ഡിവൈഎഫ്‌ഐക്ക് സമ്മാനം നല്‍കാനുള്ളത്.
സാമ്പത്തിക സംവരണം വേണം : സംവരണം പിന്‍വലിക്കാനുള്ള സമയമായെന്ന് കോണ്‍ഗ്രസ് കരുതുന്നില്ല. അതേസമയം സമ്പത്തിക സംവരണത്തെയും കോണ്‍ഗ്രസ് പിന്തുണച്ചിട്ടുണ്ട്. നിലവിലെ ജാതി സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ കിട്ടുന്നവര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ വേണം സാമ്പത്തിക സംവരണം നടപ്പാക്കേണ്ടതെന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എന്‍എസ്‌എസിന് അവരുടേതായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.