കോട്ടയം: കണ്ണൂരിൽ നടക്കുന്നത് കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ സഹായിക്കാനുള്ള ചർച്ചകളാണ് പാർട്ടി കോൺഗ്രസ് സമ്മേളനത്തിൽ നടക്കുന്നതെന്നും സതീശൻ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം-ബിജെപി ഒത്തുകളി :കേരളത്തിലെ സിപിഎം ഘടകം ഒരു കാരണവശാലും കോൺഗ്രസുമായി സന്ധി ചെയ്യില്ല. അതിനായി ദേശീയ നേതൃത്വത്തിലും സിപിഎം സമ്മർദം ചെലുത്തുകയാണ്. കോൺഗസിന്‍റെ കൂടെ നിൽക്കാമെന്ന നിലപാടെടുത്താൽ സിൽവർലൈൻ പദ്ധതിക്ക് മോദി അനുമതി നൽകില്ലെന്ന് കരുതിയാണിതെന്നും, ആ ധാരണ കേരളത്തിലെ സിപിഎമ്മും ബിജെപി കേന്ദ്ര നേതൃത്വവും തമ്മിൽ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി കോൺഗ്രസ് സമ്മേളനം കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ALSO READ: പാര്‍ട്ടി കോണ്‍ഗ്രസ്: കണ്ണൂരില്‍ പോകാനുറച്ച് കെ വി തോമസ്, നടപടിയെടുക്കാനായി കെ.പി.സി.സി
കോൺഗ്രസും ഇടത് കക്ഷികളും ഒരുമിച്ച് നിൽക്കണമെന്ന തീരുമാനം പർട്ടി കോൺഗ്രസിൽ ഉണ്ടാകില്ലെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിന് പിണറായി ഉറപ്പ് നൽകിയിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തകർക്കണമെന്ന നിലപാട് എടുത്ത പഴയ കാല സിപിഎം നേതാക്കളുടെ പിൻമുറക്കാരാണ് ഇപ്പോൾ നേതൃത്വത്തിൽ ഉള്ളത്. കോൺഗ്രസ് തകർന്നാലും ബിജെപി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരെന്നും വി.ഡി സതീസൻ പറഞ്ഞു.
കെ.വി തോമസ് വിഷയത്തിൽ പ്രതിപക്ഷനേതാവ് :കെ.വി തോമസിന്‍റെ നിലപാടിൽ പ്രതികരിച്ച അദ്ദേഹം, അക്കാര്യത്തിൽ ഉചിതമായ തീരുമാനം പാർട്ടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. വിഷയം സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി അനുമതി ഇല്ലാതെ സിപിഎം ലോക്കൽ സെക്രട്ടറി കോൺഗ്രസിന്‍റെ പരിപാടിയിൽ പങ്കെടുക്കുമോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ്, പാർട്ടി തീരുമാനം അനുസരിക്കേണ്ട ബാധ്യത തോമസിനുണ്ടെന്നും വ്യക്തമാക്കി.
അതിക്രമങ്ങൾ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ :സംസ്ഥാനത്ത് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ മുഖ്യമന്ത്രി അറിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് അതിക്രമങ്ങൾ നടക്കുന്നത്. സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പിന്തുണയോടെയാണ് മയക്കുമരുന്ന് സംഘങ്ങൾ അഴിഞ്ഞാടുന്നത്. അപകടകരമായ നിലയിലേക്ക് സംസ്ഥാനം കൂപ്പുകുത്തിയെന്നും സതീശൻ ആരോപിച്ചു.