കോട്ടയം:ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിവാദവുമായി ബന്ധപ്പെട്ട നിലപാടിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാറിന്‍റെ തീരുമാനത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്‌ടമൊന്നും ഉണ്ടായില്ലെന്നായിരുന്നു കോട്ടയം പ്രസ്ക്ലബ്ബിൽ ഒരു ചടങ്ങിനെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
നിലപാട് തിരുത്തി പ്രതിപക്ഷനേതാവ്
എന്നാൽ അദ്ദേഹത്തിന്‍റെ പരാമർശം ലീഗ് തള്ളിയതോടെ മുസ്ലീം സമുദായത്തിന് ദോഷമുണ്ടെന്ന നിലപാടിലേക്ക് മാറുകയായിരുന്നു. ലീഗിന്‍റെ അഭിപ്രായം യുഡിഎഫ് ചർച്ച ചെയ്യും, അത് സർക്കാർ പരിഗണിക്കണം എന്നാണ് താൻ പറഞ്ഞത് എന്ന് തിരുത്തിയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പുതിയ പ്രതികരണം.
ന്യൂനപക്ഷ സ്‌കോളർഷിപ്പ് നിലപാടിൽ മലക്കംമറിഞ്ഞ് പ്രതിപക്ഷ നേതാവ് സച്ചാർ കമ്മിറ്റി റിപ്പോർട്ട് അതുപോലെ നടപ്പാക്കണം. അതോടൊപ്പം നിലവിലെ സ്കോളർഷിപ്പ് നിലനിർത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റു ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്കോളർഷിപ്പ് നൽകണം എന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാൽ സർക്കാർ ഇത് പൂർണമായും അംഗീകരിച്ചില്ലെന്നുമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
READ MORE:ന്യൂനപക്ഷ സ്‌കോളർഷിപ്പ്; വിഡി സതീശനെ തള്ളി മുസ്ലീം ലീഗ്
അതേസമയം തന്‍റെ അഭിപ്രായം മനസിലാക്കാതെയാണ് ലീഗ് പ്രതികരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സ്കോളർഷിപ്പ് സംബന്ധിച്ചുള്ള സർക്കാരിന്‍റെ തീരുമാനത്തിലൂടെ മുസ്ലിം സമുദായത്തിന് നഷ്‌ടമൊന്നും ഉണ്ടായിട്ടില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയിരുന്നു.