കോട്ടയം:സത്യഗ്രഹ സമരത്തെ തള്ളി പറഞ്ഞതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗാന്ധിജിയെ ആണ് തള്ളി പറഞ്ഞതെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രി ഗാന്ധി നിന്ദ നടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ സത്യഗ്രഹ സമരത്തില്‍ 'പ്രതിപക്ഷത്തിന് സത്യഗ്രഹം നടത്താനേ അറിയൂ' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 'സത്യഗ്രഹ സമരം ആവിഷ്‌കരിച്ചത് മഹാത്മ ഗാന്ധിയാണ്. സത്യഗ്രഹത്തെ തള്ളിപ്പറഞ്ഞതിലൂടെ ഗാന്ധിജിയെ തള്ളി പറയുകയാണ് മുഖ്യമന്ത്രി ചെയ്‌തത്', വി ഡി സതീശന്‍ ആരോപിച്ചു.
വർധിപ്പിച്ച നികുതി കൊടുക്കേണ്ടെന്ന് പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോള്‍ ആഹ്വാനം ചെയ്‌ത പിണറായി വിജയന്‍ ആണ് ഇപ്പോള്‍ നികുതി ആവശ്യപ്പെടുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഡോ എപിജെ അബ്‌ദുൽ കലാം സാങ്കേതിക സർവകലാശാലക്കെതിരെ വി ഡി സതീശന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കാലാവധി പിന്നിട്ടിട്ടും അനധികൃതമായി ആറ് സിൻഡിക്കേറ്റ് അംഗങ്ങൾ തുടരുന്നതായും മുഴുവന്‍ ഔദ്യോഗിക ആനുകൂല്യങ്ങളും കൈപ്പറ്റി നിയമനം അടക്കമുള്ള കാര്യങ്ങളില്‍ അവര്‍ ഇടപെടുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.