വൈക്കം: രാജശാസനകൾക്കും ജാതിവഴക്കങ്ങൾക്കുമെതിരെ സ്‌ത്രീകൾ ഉയർത്തിയ ചരിത്ര പ്രസിദ്ധമായ മാറുമറയ്ക്കൽ സമരത്തിന്‍റെ 200-ാം വാർഷികം നാഗർകോവിലില്‍ ആഘോഷിച്ചപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഒന്നിച്ച് ഒരേ വേദിയിലെത്തിയിരുന്നു. 2023 ഏപ്രില്‍ ഒന്നിന് വൈകിട്ട് കോട്ടയം ജില്ലയിലെ വൈക്കത്ത് പിണറായിയും സ്റ്റാലിനും വീണ്ടും ഒന്നിച്ച് ഒരേ വേദിയിലെത്തുകയാണ്. അയിത്തം, തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ എന്നിങ്ങനെ സർവ അനാചാരങ്ങളും സാമൂഹിക ഉച്ചനീചത്വങ്ങളും നിറഞ്ഞ ഒരു സമൂഹത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്‌ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേദിയിലാണ് ഇരു മുഖ്യമന്ത്രിമാരും വീണ്ടും ഒന്നിച്ചെത്തുന്നത്.
അന്ധവിശ്വാസങ്ങളിൽനിന്ന് തമിഴ് ജനതയെ വിമോചിപ്പിക്കാൻ ബ്രാഹ്‌മണാധിപത്യത്തോട് മുഖാമുഖം പോരാടിയ ഇ.വി. രാമസ്വാമി നായ്ക്കർ കൂടി പങ്കെടുത്ത സമരമായതിനാല്‍ വൈക്കത്തേക്ക് എംകെ സ്റ്റാലിൻ എത്തുമ്പോൾ പ്രാധാന്യം ഏറെയാണ്. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് മധുരയില്‍ നിന്ന് വൈക്കത്തേക്ക് ജാഥ നയിച്ച ഇവി രാമസ്വാമി നായ്ക്കർ "വൈക്കം വീരർ" (വൈക്കം ഹീറോ) എന്നാണറിയപ്പെട്ടത്. സമരത്തില്‍ പങ്കെടുത്തതിന് ചങ്ങലകളാല്‍ കൈകൾ ബന്ധിച്ച് രാമസ്വാമി നായ്ക്കറെ ജയിലിലടച്ചതടക്കം വൈക്കം സത്യഗ്രഹ ഓർമകൾക്ക് വീര്യമേറുകയാണ്.
യാഥാസ്ഥിതികരുടെയും സവർണരുടേയും എതിർപ്പ് മറികടന്ന് അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കായി കേരളത്തില്‍ നടന്ന വലിയ പോരാട്ടത്തിന് പിന്തുണയുമായി പഞ്ചാബില്‍ നിന്നു പോലും സമരസേനാനികളെത്തിയിരുന്നു. ലാലാ ലാൽ സിങ് എന്ന അകാലി നേതാവിന്‍റെ നേതൃത്വത്തിലാണ് പഞ്ചാബില്‍ നിന്ന് പോരാളികളെത്തിയത്. അകാലികൾ സമരക്കാർക്ക് വേണ്ടി ഭക്ഷണശാലകൾ വരെ ഒരുക്കി.
1924 മാർച്ച് 30ന് തുടങ്ങി 1925 നവംബർ 23 വരെ 603 ദിവസം നീണ്ടു നിന്ന വൈക്കം സത്യഗ്രഹത്തിന്‍റെ വിജയം ക്ഷേത്രവഴികളിലൂടെ അവർണർക്ക് നടക്കാനുള്ള അവകാശം നേടിയെടുക്കല്‍ മാത്രമായിരുന്നില്ല, സാധാരണ മനുഷ്യന്‍റെ അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാനുള്ള അനേകായിരം സമര പോരാട്ടങ്ങൾക്കുള്ള ഊർജം കൂടിയായിരുന്നു. 1936-ലെ ക്ഷേത്ര പ്രവേശന വിളംബരത്തിന് പോലും വൈക്കം സത്യഗ്രഹ വിജയം കാരണമായിത്തീർന്നുവെന്നത് ചരിത്രം. വൈക്കം സത്യഗ്രഹം ശതാബ്‌ദി ആഘോഷ നിറവിലെത്തുമ്പോൾ അത്യുജ്വലമായ സമര ദിനങ്ങളും ത്യാഗ നിർഭരമായ പോരാട്ടം നയിച്ച സമരപോരാളികളും ഓർമയില്‍ നിറയുകയാണ്.
ചരിത്രത്തിലേക്ക്: നൂറ്റാണ്ടുകൾക്ക് മുൻപ് ജാതിവാദത്തിന്‍റെയും യാഥാസ്ഥിതികത്വത്തിന്‍റെയും നെടുങ്കോട്ടയായിരുന്നു തിരുവിതാംകൂർ നാട്ടുരാജ്യത്തിന്‍റെ ഭാഗമായിരുന്ന വൈക്കം. അവർണ്ണവിഭാഗങ്ങൾക്ക് ക്ഷേത്രത്തിൽ മാത്രമല്ല അതിനു ചുറ്റുമുള്ള പൊതുവഴികളിൽപ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. വഴിയിൽ പലയിടത്തും നടപ്പുനിരോധനം രേഖപ്പെടുത്തിയ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. ക്ഷേത്രത്തെ തീണ്ടാതെ നടക്കാനായി, അവർണ്ണർക്ക് കിലോമീറ്ററുകൾ അധികമുള്ള വഴിയേ ചുറ്റിവളഞ്ഞു യാത്രചെയ്യേണ്ടി വന്നു.
അയ്യൻകാളിയും നാരായണ ഗുരുവും വരെ വൈക്കത്ത് ഇത്തരത്തില്‍ വഴി നടക്കാനാകാതെ മാറി സഞ്ചരിച്ചിരുന്നുവെന്നാണ് ചരിത്രം. എല്ലാ പൊതു നിരത്തുകളും എല്ലാവർക്കും ഉപയോഗിക്കാം എന്ന തിരുവിതാംകൂർ സർക്കാരിന്‍റെ ഉത്തരവുണ്ടായിട്ടും അവർണർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ സവർണർ അത് അനുവദിച്ചിരുന്നില്ല.
വൈക്കം മഹാദേവ ക്ഷേത്രത്തിന് സമീപത്തെ വഴികളിലെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രാദേശിക പ്രതിഷേധമായാണ് വൈക്കത്ത് ആദ്യം സമരം ആരംഭിച്ചത്. അതിനിടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ശ്രമിച്ച ഈഴവ യുവാക്കളെ വൈക്കത്ത് കൊലപ്പെടുത്തിയെന്ന വിവരം വലിയ ചർച്ചയായി. അതിനു ശേഷം മൃതദേഹം കുളത്തില്‍ കുഴിച്ചിട്ടു എന്നും അത് പിന്നീട് ദളവക്കുളം എന്ന പേരില്‍ അറിയപ്പെടുകയുമുണ്ടായി.
എൻ കുമാരൻ, കുമാരനാശാൻ, ടികെ മാധവൻ എന്നിവർ ഈ വിഷയങ്ങളെല്ലാം സർക്കാർ തലത്തില്‍ ശ്രദ്ധയില്‍ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഒന്നും വിജയമായില്ല. അതിനിടെ ടികെ മാധവൻ തിരുവിതാംകൂറിലെ അവർണരുടെ അവസ്ഥയും വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചും കോൺഗ്രസ് ദേശീയ സമ്മേളനത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. കോൺഗ്രസ് ദേശീയ സമ്മേളനത്തിന്‍റെ നിർദ്ദേശ പ്രകാരം കേരളത്തിലെ കോൺഗ്രസ് ഘടകം ഈ വിഷയം ഏറ്റെടുക്കാനും സമരത്തെ കുറിച്ച് ആലോചിക്കുകയും ചെയ്‌തു.
സഹനസമരം ഐതിഹാസികം: കോൺഗ്രസിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ സമരം എല്ലാ അർഥത്തിലും ദേശീയതലത്തില്‍ ശ്രദ്ധയാകർഷിച്ചിരുന്നു. ഓരോദിവസവും വൈക്കം ക്ഷേത്രത്തിന്‍റെ വഴികളിലൂടെ സഞ്ചരിക്കാനും നിലവിലുള്ള സമരം ലംഘിക്കാനും നിരവധി സമരപ്രവർത്തകർ മുന്നോട്ടുവന്നു. സമരക്കാരെ എതിർക്കാനും തടയാനും മർദ്ദിക്കാനും സവർണവിഭാഗത്തിലുള്ളവരും പൊലീസും എത്തിയതോടെ വൈക്കം ശരിക്കും സമരഭൂമിയായി.
സമരത്തിന് പിന്തുണയുമായി തമിഴ്‌നാട്ടില്‍ നിന്ന് ഇ.വി. രാമസ്വാമി നായ്ക്കർ, പഞ്ചാബില്‍ നിന്ന് അകാലികൾ എന്നിവർ എത്തിയതോടെ വിഷയം ദേശീയ ശ്രദ്ധയിലെത്തി. അതുകൊണ്ടുതന്നെ വൈക്കത്തെ തൊട്ടുകൂടായ്‌മയ്ക്ക് എതിരെ ഗാന്ധിജിയുടെ ഇടപെടലുമുണ്ടായി. ശ്രീനാരായണ ഗുരു, സ്വാമി വിവേകാന്ദൻ, ആചാര്യ വിനോബഭാവെ എന്നിവരുടെ പങ്കാളിത്തം പരോക്ഷമായി സമരത്തെ സ്വാധീനിച്ചു. ടികെ മാധവൻ, കെപി കേശവമേനോൻ, കെ കേളപ്പൻ എന്നിവരായിരുന്നു ആദ്യ ഘട്ടത്തില്‍ സമരത്തിന് നേതൃത്വം നല്‍കിയത്. നാരായണി അമ്മ, മീനാക്ഷി അമ്മ, തിരുമലൈ അമ്മ, നാഗമ്മായി അമ്മായി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി നിരവധി സ്ത്രീകളും സത്യഗ്രഹത്തിന്റെ മുൻനിരയിലുണ്ടായിരുന്നു.
അതിക്രൂര മർദനം, സഹനം, അതിജീവനം: നിയമലംഘനത്തിന്‍റെ പേരില്‍ നേതാക്കളും അണികളും നിരവധി തവണ ജയിലിലായി. അറസ്റ്റിലായവർക്ക് അതിക്രൂരമായ മർദ്ദനവും പിഴയും ഊരുവിലക്കും വരെ ഏർപ്പെടുത്തി. അറസ്റ്റിലായ സമരക്കാരുടെ കണ്ണില്‍ പച്ചച്ചുണ്ണാമ്പ്, കട്ടമ്പിക്കറ എന്നിവ ഒഴിച്ചു. പലർക്കും കാഴ്‌ച നഷ്‌ടമായി. വൈക്കത്തെ ഇണ്ടംതുരുത്തി മനയിലായിരുന്നു സമരക്കാർക്കെതിരായ മർദന രീതികൾ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്‌തിരുന്നത്. പൊലീസും രാജഭരണകൂടവും സവർണർക്കൊപ്പം നിന്നതോടെ അനുനയ ശ്രമങ്ങൾ പോലും സാധ്യമല്ലാതായി.
ഓരോ ദിവസവും സവർണരുടെ നേതൃത്വത്തില്‍ പൊലീസ് നടത്തിയ അതിക്രൂരമായ മർദന രീതികളെ സമര ഭടൻമാർ ആത്മസംയമനത്തോടെ സഹിച്ചു. തിരുവിതാംകൂറിന് ആദ്യമായി ഗാന്ധിജിയുടെ സത്യഗ്രഹ രീതികൾ പകർന്നു നല്‍കിയത് വൈക്കം സത്യഗ്രഹമാണ്. ഭരണകൂട മർദനങ്ങൾക്കെതിരായ, വൈക്കം സത്യഗ്രഹികളുടെ സഹനശക്തിയും ത്യാഗനിഷ്‌ഠയും എക്കാലവും സ്‌മരിക്കപ്പെടേണ്ടതാണെന്ന് ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.