കോട്ടയം:ആചാരപ്പെരുമയിൽ ഉത്രാടക്കിഴി സമർപ്പണം നടന്നു. കോട്ടയം വയസ്‌കര രാജ് ഭവനിലെത്തി സഹകരണ റജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നൽകിയ ഉത്രാടക്കിഴി മുറ തെറ്റാതെ ഇത്തവണയും സൗമ്യവതി തമ്പുരാട്ടി ഏറ്റുവാങ്ങി. വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് ചടങ്ങുകൾ നടന്നത്.
രാജഭരണ കാലത്ത് കൊച്ചി രാജകുടുംബാംഗങ്ങൾക്ക് ഓണക്കോടി വാങ്ങാനായി രാജാവ് നൽകിവന്നിരുന്ന പണമാണ് ഉത്രാടക്കിഴി. തിരു-കൊച്ചി സംയോജനത്തോടെ രാജഭരണം അവസാനിച്ചപ്പോൾ ഉത്രാടക്കിഴി നൽകേണ്ട ചുമതല സർക്കാരിനായി. നാണയത്തുട്ടുകളാണ് കിഴിയിലാക്കി സമർപ്പിക്കുന്നത്.
14 രൂപയായിരുന്ന കിഴി തുക ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് ആയിരം രൂപയാക്കി ഉയർത്തി. തൃശൂർ കലക്‌ടറേറ്റിൽ നിന്നും കിഴിയുടെ തുക പ്രത്യേക ദൂതൻ വഴിയാണ് കോട്ടയം താലൂക്ക് ഓഫിസിലെത്തിക്കുന്നത്.