കോട്ടയം : ലോകായുക്ത വിധിഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി. മുഖ്യമന്ത്രി സംശയത്തിന്‍റെ നിഴലിലായ കേസ് നീട്ടിക്കൊണ്ടുപോയി നീതി വൈകുന്നത് നീതി നിഷേധമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തുവെന്ന പരാതിയില്‍ ലോകായുക്തയുടെ ഭിന്നവിധിക്ക് പിന്നാലെ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശയത്തിന് അതീതനായ ഒരാളാണ് മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി രാജിവച്ച് മാറി നില്‍ക്കണമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഏത് വിധേനയും അധികാരത്തില്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇന്നത്തെ ലോകായുക്ത വിധി മുഖ്യമന്ത്രി നേരത്തേതന്നെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഗവര്‍ണര്‍ ഇടപെട്ടാണ് ഇത് തടഞ്ഞത്. ഇക്കാര്യത്തില്‍ ഫുള്‍ ബഞ്ച് ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ കുറിച്ചും പരാമര്‍ശം:'മോദി' പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയാണ്. കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധിക്ക് ശേഷം മേൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എന്നാല്‍ ഒരാഴ്‌ച പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കോടതിയെ സമീപിച്ചിട്ടില്ല. ഇത്തരത്തില്‍ നിയമത്തെ വെല്ലുവിളിക്കുന്ന ഒരാളെ ജനങ്ങള്‍ എങ്ങനെ അംഗീകരിക്കുമെന്ന് വി. മുരളീധരന്‍ ചോദിച്ചു. വ്യക്തികളേക്കാൾ നിയമത്തെയാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.