കോട്ടയം :ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്‌ത്രമേഖലകൾ ഒരുമിച്ചു പ്രവർത്തിച്ച് ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയങ്ങൾക്ക് ഒരേ ലക്ഷ്യമാണുള്ളതെന്നും അവ ഒന്നിച്ചുനിന്ന് ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കണമെന്നാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം കുറിച്ചി സചിവോത്തമപുരം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തിൽ (എൻഎച്ച്ആർഐഎംഎച്ച്) പി.ജി വിദ്യാർഥികള്‍ക്കായി പുതുതായി നിർമിച്ച ആധുനിക നിലവാരത്തിലുള്ള ഹോസ്‌റ്റലുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക പരമ്പരാഗത വൈദ്യശാസ്‌ത്രമേഖലകൾ ഒന്നിച്ചുപ്രവര്‍ത്തിക്കണം : കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ - കൊടിക്കുന്നിൽ സുരേഷ്
ആധുനികവും പരമ്പരാഗതവുമായ വൈദ്യശാസ്‌ത്രമേഖലകൾ ജനങ്ങൾക്കായി ഒരുമിച്ചുപ്രവർത്തിക്കണമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ
ആവശ്യമായ എല്ലാ സംവിധാനങ്ങളും ഘട്ടം ഘട്ടമായെത്തിച്ച് കോട്ടയം ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രത്തെ കുറഞ്ഞ കാലം കൊണ്ട് മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പരമ്പരാഗത വൈദ്യശാസ്‌ത്ര മേഖലയ്‌ക്കായി ലോകാരോഗ്യസംഘടനയുടെ ലോകത്തിലെ ആദ്യ കേന്ദ്രം ഗുജറാത്തിലെ ജംനഗറിൽ സ്ഥാപിച്ചത് 75 വർഷത്തിനിടയിലെ രാജ്യത്തിന്റെ ഏറ്റവും വലിയ നേട്ടമാണെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ആയുഷ് മന്ത്രാലത്തിന് കീഴിലുള്ള ആയുർവേദ, യോഗ, നാച്ചുറോപ്പതി, യുനാനി, സിദ്ധ, സോവ-റിപ്പ, ഹോമിയോപ്പതി തുടങ്ങിയ പരമ്പരാഗത വൈദ്യശാസ്‌ത്രമേഖലയുടെ വളർച്ച അടിസ്ഥാനസൗകര്യ മേഖലയിൽ സർക്കാർ നടപ്പാക്കിയ പദ്ധതികളിലൂടെ വേഗത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സൗകര്യങ്ങൾ എയിംസ് മുതൽ സബ്സെന്റർ തലം വരെയുള്ള ആരോഗ്യകേന്ദ്രങ്ങളിലെത്തിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ലോക്‌സഭ എംപി കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ. മോഹനൻ കുന്നുമ്മൽ, സെന്റർ കൗൺസിൽ ഫോർ റിസർച്ച് ഇൻ ഹോമിയോപ്പതി ഡയറക്‌ടർ ജനറൽ സുഭാഷ് കൗശിക്, ആയുഷ് മന്ത്രാലയം ഉപദേശക ഡോ.സംഗീത എ. ദുഗ്ഗൽ, ഗവേഷണകേന്ദ്രം ഓഫിസർ ഇൻ ചാർജും അഡീഷണൽ ഡയറക്‌ടറുമായ ഡോ. കെ.സി മുരളീധരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിനുശേഷം സദസിലേക്കിറങ്ങിയ മന്ത്രി വിദ്യാർഥികളുമായും ജീവനക്കാരുമായും സംവദിക്കുകയും സൗകര്യങ്ങളടക്കമുള്ളവയെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. സ്വാമി ആതുരദാസിന്റെ പ്രതിമയിൽ മന്ത്രി പുഷ്പാർച്ചനയും നടത്തി.