കോട്ടയം: സംക്രാന്തിയിലുളള ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് കോട്ടയം മെഡിക്കൽ കോളജിലെ നഴ്‌സായ രശ്‌മി രാജ് മരണപ്പെട്ട സംഭവത്തില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പുത്തനത്താണി ഭാഗത്ത് മണ്ടായപ്പുറത്ത് വീട്ടിൽ കുഞ്ഞി മൊയിതിൻ കുട്ടി മകൻ നൗഷാദ് എം.പി (47), മലപ്പുറം കാടാമ്പുഴ ഭാഗത്ത് പിലാത്തോടൻ വീട്ടിൽ മരക്കാർ മകൻ അബ്‌ദുല്‍ റയിസ് (21) എന്നിവരെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തിൽ രണ്ടു പേര്‍ കൂടി അറസ്‌റ്റില്‍ - കോട്ടയം ഏറ്റവും പുതിയ വാര്‍ത്ത
കഴിഞ്ഞ മാസം 29 ഭക്ഷ്യ വിഷബാധയേറ്റ് മെഡിക്കല്‍ കോളജിലെ നഴ്‌സായ രശ്‌മി രാജ് മരണപ്പെട്ട സംഭവത്തില്‍ ഹോട്ടൽ പാർക്ക് മലപ്പുറം കുഴിമന്തിയുടെ മാനേജരായ അബ്‌ദുല്‍ റയിസിനെയും, ഹോട്ടലിന്‍റെ നടത്തിപ്പ് പങ്കാളിയായ നൗഷാദിനെയും പൊലീസ് പിടികൂടി.
കഴിഞ്ഞ മാസം(2022 ഡിസംബര്‍) 29ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ഇതേതുടര്‍ന്ന് ഗാന്ധിനഗർ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തികിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കുകയും ചെയ്‌തിരുന്നു. ഒടുവില്‍, ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്ക് ആയ സിറാജുദീനെ കാടാമ്പുഴയിൽ നിന്നും, ഹോട്ടല്‍ ഉടമയായ ലത്തീഫിനെ കർണാടക കമ്മനഹള്ളിയിൽ നിന്നും പിടികൂടിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാനേജരായ അബ്‌ദുല്‍ റയിസിനെയും, ഹോട്ടലിന്‍റെ നടത്തിപ്പ് പങ്കാളിയായ നൗഷാദിനെയും പിടികൂടുന്നത്. ഗാന്ധിനഗർ സ്‌റ്റേഷന്‍ എസ്.എച്ച്.ഒ ഷിജി കെ, എസ്.ഐ പവനൻ എം. സി, സി.പി.ഒമാരായ പ്രവിനോ, സുനിൽ, വിജയലാൽ, രാഗേഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്‌റ്റ് ചെയ്‌തവരെ കോടതിയിൽ ഹാജരാക്കി.