മുന്‍ സര്‍ക്കാര്‍ മൊബിലിറ്റി ഹബിനായി കണ്ടെത്തിയ സ്ഥലത്ത് കൃഷി ഇറക്കി - കോട്ടയം
കാല്‍ നൂറ്റാണ്ടായി കൃഷി ചെയ്യാതെ കിടന്നിരുന്ന കോട്ടയം മാപ്പായിക്കാട് തുരുത്തുമ്മേൽ ചിറ പാടശേഖരത്തിലാണ് ജനകീയകൂട്ടായ്മ വിത്തിറക്കിയത്. കൃഷി മന്ത്രി സുനിൽകുമാർ വിത ഉത്സവം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ യു.ഡി.എഫ് സർക്കാര്‍ മൊബിലിറ്റി ഹബിനായി പ്രഖ്യാപിച്ച സ്ഥലത്താണ് ജനകീയകൂട്ടായ്മയുടെ വിത്തിറക്കല്‍.
കോട്ടയം ജില്ലയിലെ പാടശേഖരങ്ങളെ വീണ്ടും കതിരണിയിക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടയം മാപ്പായിക്കാട് തുരുത്തുമ്മേൽ ചിറയിലെ 175 ഏക്കറോളം വരുന്ന സ്ഥലത്ത് ജനകീയ കൂട്ടായ്മ വിത്ത് ഇറക്കിയത്. ഹരിത കേരള മിഷനുമായി ബന്ധപ്പെടുത്തി കോട്ടയം ജില്ലയിൽ നടപ്പിലാക്കി വരുന്ന നദി പുനസംയോജിത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം. കാലങ്ങൾക്ക് ശേഷം ഉള്ള പാടശേഖരത്തിലെ കൃഷി ഇറക്കൽ വിതയോത്സവമായാണ് ജനകീയ കൂട്ടായ്മ ആഘോഷിച്ചത്. 90 ദിവസം കൊണ്ട് കൊയ്യാവുന്ന പുതിയ ഇനത്തിൽപ്പെട്ട വിത്തായ മണിരത്നമാണ് വിതച്ചത്. പാടശേഖരത്തിൽ വിത്തെറിഞ്ഞാണ് കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ആഘോഷത്തിൽ പങ്കു ചേർന്നത്
കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കോട്ടയം നഗരസഭാധ്യക്ഷ ഡോക്ടർ പി ആർ സോനാ, അഡ്വക്കേറ്റ് കെ അനിൽകുമാർ കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ ജനകീയകൂട്ടായ്മയില്‍ പങ്ക് ചേർന്നു