കോട്ടയം: അവഗണനയുടെ നേർക്കാഴ്‌ചയാണ് കോട്ടയം തിരുവാർപ്പിലെ ഇറമ്പം പ്രദേശം. വര്‍ഷത്തില്‍ ഭൂരിഭാഗം മാസങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശം. ഇങ്ങനൊക്കെ പറഞ്ഞാൽ ചിലപ്പോൾ തിരിച്ചറിയാൻ കഴിയണമെന്നില്ല. എന്നാൽ മലരിക്കൽ ആമ്പൽ ഫെസ്റ്റ് നടക്കുന്നതിനടുത്തുള്ള പ്രദേശമെന്ന് പറഞ്ഞാൽ പെട്ടെന്ന് ആളുകൾക്ക് തിരിച്ചറിയാൻ കഴിയും. ആമ്പൽ ഫെസ്റ്റിന്‍റെ വർണാഭമായ കാഴ്‌ചകൾക്ക് അപ്പുറം യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുന്ന മനുഷ്യരുടെ നാടാണിത്. ചില നിറം മങ്ങിയ കാഴ്‌ചകൾ...
തിരുവാര്‍പ്പ് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ജെ ബ്ലോക്കും, 9000 പാടശേഖരവും തിരുവായ്ക്കരി പാടശേഖരങ്ങളുടെ പുറംബണ്ട് അടക്കമുള്ള പ്രദേശവുമാണ് ഇറമ്പമെന്ന് അറിയപ്പെടുന്നത്. പുറംലോകവുമായി ബന്ധപ്പെടാൻ ഇവർക്ക് യാതൊരു മാർഗവും ഇല്ല. വഴി, വെളിച്ചം എന്നിങ്ങനെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ ഇവിടത്തെ ജനങ്ങൾ ദുരിത ജീവിതം നയിക്കുകയാണ്.
വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രമായ ഈ പ്രദേശത്തെ വഴിവിളക്കുകള്‍ കത്താറില്ല. ബണ്ടിലൂടെയുള്ള റോഡിലൂടെ വാഹനങ്ങൾ കടന്ന് പോകില്ല. സമീപത്തെ പാടശേഖരങ്ങൾ വെള്ളം കയറി കിടക്കുന്നത് കൊണ്ട് ബണ്ട് റോഡ് വരെ വള്ളത്തിലാണ് ആളുകൾ എത്തുന്നത്.
രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും വലിയ ബുദ്ധിമുട്ടാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുകൊണ്ട് മാത്രം പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരും ഇവിടെയുണ്ട്.