കോട്ടയം: ശക്തമായ മഴയിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വൻ നാശനഷ്‌ടം. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഉൾപ്പെടെയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
കോട്ടയത്ത് മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു - landslide in kottayam
ആർപ്പൂക്കരയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു. ആർക്കും പരുക്കുകളില്ല. മണർകാടും അതിരമ്പുഴയിലും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചു
ബുധനാഴ്‌ച അർധരാത്രി മുതലാണ് ശക്തമായ മഴ തുടങ്ങിയത്. കോട്ടയം നഗരമധ്യത്തിൽ മുട്ടമ്പലത്താണ് റെയിൽവേ ട്രാക്കിലേക്ക് മണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. തുരങ്കത്തിന് മുന്നിലായിരുന്നു അപകടം. മണ്ണിനടിയിൽ റെയിൽവേയുടെ വൈദ്യുതി പോസ്റ്റുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. തുടർന്ന് തിരുവനന്തപുരം - എറണാകുളം സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരിയിൽ സർവീസ് അവസാനിപ്പിച്ചു. ഗാന്ധിനഗറിലും സമാന രീതിയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ആർപ്പൂക്കരയിൽ വീടുകൾക്ക് മുകളിലേക്കും മണ്ണിടിഞ്ഞ് വീണിട്ടുണ്ട്. ആർക്കും പരുക്കുകളില്ല. കൂടാതെ മണർകാടും അതിരമ്പുഴയിലും മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ നടപടികൾ സ്വീകരിച്ചു. മീനച്ചിലാറ്റിനോട് ചേർന്ന റോഡുകൾ ഇടിഞ്ഞുതാഴുന്നതും ആശങ്ക വര്‍ധപ്പിക്കുന്നു. ജില്ലാ ആശുപത്രിയോട് ചേർന്ന റോഡിലേക്ക് മതിലിടിഞ്ഞതിനാൽ അവിടെയും ഗതാഗതം തടസപ്പെട്ടു. മഴ ശക്തി പ്രാപിക്കുമെന്ന കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിനെ തുടര്‍ന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.