കേരളം

kerala

ETV Bharat / state

വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്ന് തോമസ് ചാഴിക്കാടന്‍ - kottayam

"ബിജെപിയുടെ വൻ ഭൂരിപക്ഷം കേരളത്തിൽ വികസനത്തിന് തടസമാകില്ല" - തോമസ് ചാഴിക്കാടൻ

നിയുക്ത എംപി തോമസ് ചാഴികാടന്‍

By

Published : May 28, 2019, 5:26 PM IST

Updated : May 28, 2019, 6:18 PM IST

കോട്ടയം: കേരളത്തിലെ ജനങ്ങളുടെ കൂടി സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്, അതുകൊണ്ട് ജനങ്ങളുടെ ആവശ്യം നിരാകരിക്കാൻ കേന്ദ്രത്തിനാവില്ലെന്ന് നിയുക്ത എംപി തോമസ് ചാഴിക്കാടന്‍. ബിജെപിയുടെ വൻ ഭൂരിപക്ഷം കേരളത്തിൽ വികസനത്തിന് തടസമാകില്ലെന്നും കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. റബ്ബറിന് മിനിമം 200 രൂപ വില ലഭിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് കേന്ദ്രസർക്കാർ മുഖം തിരിച്ചിരിക്കുകയാണ്. ഈ സമീപനത്തിൽ മാറ്റം കൊണ്ടുവരുമെന്നും തോമസ് ചാഴിക്കാടൻ ഉറപ്പു നൽകി.

വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമെന്ന് തോമസ് ചാഴിക്കാടന്‍

കോട്ടയം മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷം ജോസ് കെ മാണി നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ലക്ഷ്യം വയ്ക്കുന്നത്. മുൻ എംപി ആവിഷ്‌കരിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും തോമസ് ചാഴിക്കാടന്‍ പറഞ്ഞു.
കോട്ടയം മണ്ഡലത്തെ സംബന്ധിച്ചിടത്തോളം കൃഷിയും ടൂറിസവുമാണ് പ്രധാനപ്പെട്ടത്. ഈ മേഖലകളിലെ മുന്നേറ്റത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുമരകം, വിവിധ തീര്‍ഥാടന കേന്ദ്രങ്ങള്‍, കിഴക്കന്‍ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ ഉൾപ്പെടുത്തിയ ടൂറിസം പദ്ധതികള്‍ ആവിഷ്‌കരിക്കും.
കോട്ടയം മെഡിക്കല്‍ കോളേജ്, കുട്ടികളുടെ ആശുപത്രി, ഡെന്‍റല്‍ കോളേജ് എന്നിവ ഉള്‍ക്കൊള്ളിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ സംവിധാനം ഒരുക്കും. നിലവില്‍ കോട്ടയത്തെ റെയില്‍വേ വികസന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനൊപ്പം പുതിയ മേല്‍പ്പാലങ്ങള്‍ യാഥാര്‍ഥ്യമാക്കും. കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് റോഡുകളുടെ നിലവാരം ഉയര്‍ത്തും. കയര്‍, കാര്‍ഷിക, തൊഴില്‍ മേഖലകളുടെ പുരോഗതിക്ക് നടപടി സ്വീകരിക്കുമെന്നും മുഖാമുഖം പരിപാടിയിലൂടെ നിയുക്ത എംപി തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി.

Last Updated : May 28, 2019, 6:18 PM IST

ABOUT THE AUTHOR

...view details