പത്തനംതിട്ട : നാട്ടുകാരെ ഭീതിയിലാഴ്ത്തി റാന്നിയിൽ വീണ്ടും പുലിയിറങ്ങി. ആടിനെയും നായ്ക്കളെയുമെല്ലാം പുലി പിടിച്ചു കൊണ്ടുപോയി. ഇതോടെ പുലിയെ കണ്ട പമ്പാവാലി അറയാഞ്ഞിലിമൺ ചൊവ്വാലി ഭാഗത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ റാന്നി എംഎൽഎ അഡ്വ.പ്രമോദ് നാരായൺ ജില്ലാ ഫോറസ്റ്റ് ഒഫീസറോട് ആവശ്യപ്പെട്ടു.
തുടർച്ചയായി ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് നടപടി. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഇവിടെ സോളാർ വേലി അടിയന്തരമായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പുലിയെ കണ്ട പ്രദേശം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം വനം വകുപ്പിനോട് ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി കടപ്പുറത്ത് സൈജു എന്നയാളുടെ തൊഴുത്തിൽ നിന്ന് ആടിനെ പുലി പിടിച്ചുകൊണ്ട് പോയി. ശനിയാഴ്ച രാവിലെ പുലി മ്ലാവിനെ ഓടിച്ചു കൊണ്ടുപോകുന്നത് കണ്ടതായി റബ്ബർ മരം ടാപ്പ് ചെയ്തു കൊണ്ടിരുന്നയാൾ പറഞ്ഞു. ഇതിനു ശേഷം ശനിയാഴ്ച രാത്രി വൈശാഖ് എന്നയാളുടെ മുറ്റത്ത് പൂട്ടിയിട്ടിരുന്ന നായയേയും പുലി പിടിച്ചുകൊണ്ടു കൊണ്ടുപോയി.
പ്രദേശത്ത് തന്നെ നിരവധി നായകളെ ഇപ്പോൾ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു. പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ നാട്ടുകാരും ഭീതിയിലാണ്. രാത്രി സമയത്ത് വീടിന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലാണ് നാട്ടുകാർ.
ALSO READ:KSRTC : കെ.എസ്.ആർ.ടി.സി ബസുകൾക്ക് ഇനി മുതൽ ജില്ല തിരിച്ചുള്ള നമ്പർ സിസ്റ്റം