കോട്ടയം: കൊവിഡ് പ്രതിസന്ധിക്കിടെ മഴ കൂടിയെത്തിയതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ദുരിതത്തിലാണ്. ഇതിനോടകം മൂന്ന് ദുരുതാശ്വാസ ക്യാമ്പുകളാണ് കോട്ടയത്ത് തുറന്നത്. വാകത്താനം സർക്കാർ എൽ.പി സ്‌കൂളിൽ തുറന്ന ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരാണ് ഉള്ളത്. പുന്നത്തറ സെൻ്റ് ജോസഫ് എൽ.പി സ്‌കൂളിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി അഞ്ച് പേരും മണർകാട് സർക്കാർ യു.പി സ്‌കൂളിൽ നാലു കുടുംബങ്ങളിൽ നിന്നായി 14 പേരും അഭയം തേടിയിട്ടുണ്ട്. വിജയപുരം പഞ്ചായത്തിലെ രണ്ട് കുടുംബങ്ങളെ അപകട സാധ്യത മുന്നിൽ കണ്ട് ഒഴിപ്പിച്ചു. പ്രകൃതിദുരന്ത സാധ്യത കണക്കാക്കുന്ന കൂട്ടിക്കൽ മേഖലയിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ ശ്രമിച്ചെങ്കിലും വീട് വിട്ടിറങ്ങാൻ നാട്ടുകാർ വിസമ്മതിച്ചത് തിരിച്ചടിയായി. തുടർന്ന് കിടപ്പു രോഗികളായവരെ കൂട്ടിക്കൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ കടുത്ത ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.
കോട്ടയത്ത് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു - കോട്ടയം കൊവിഡ്
ചൊവ്വാഴ്‌ച മുതൽ ആരംഭിച്ച മഴയിൽ ജില്ലയുടെ വിവിധയിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. രോഗ വ്യാപന വേളയിൽ കനത്ത മഴ സൃഷ്‌ടിക്കുന്ന ആഘാതങ്ങൾ ജനങ്ങൾക്കും ജില്ലാ ഭരണകൂടത്തിനും ഇരുട്ടടിയാവുകയാണ്.
ക്യാമ്പുകൾ
ഇതിനിടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതും ആശങ്കയാകുന്നുണ്ട്. ആറിനോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.